കോഴിക്കോട്: കോടികൾ തട്ടിയെടുക്കാൻ ലക്ഷ്യമിട്ട് മാവോയിസ്റ്റ് സംഘടനയുടെ പേരിൽ രണ്ട് പ്രമുഖ വ്യവസായികൾക്കും വൻകിട കോൺട്രാക്ടർക്കും രാഷ്ട്രീയ നേതാവിനും വധഭീഷണി മുഴക്കി കത്തയച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. ബിൽഡിംഗ് കരാറുകാരനായ പറോപ്പടി തച്ചംകോട് ഹബീബ് റഹ്‌മാൻ (46), ബന്ധുവായ കട്ടിപ്പാറ കളത്തിങ്ങൽ ഷാജഹാൻ (43) എന്നിവരെയാണ് ക്രൈംബ്രാഞ്ച് എ.സി.പി ടി.പി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നിരവധി ചെക്ക് കേസുകളിൽ പ്രതിയാണ് ഹബീബ് റഹ്‌മാൻ. നാലു കത്തുകളും ഇയാളാണ് സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയത്. തുടർന്ന് ബന്ധുവായ ഷാജഹാനെ കൂട്ടുപിടിക്കുകയായിരുന്നു. വയനാട് ചുണ്ടേൽ പോസ്റ്റ് ഓഫീസിൽ ചെന്ന് ഷാജഹാനാണ് കത്തുകൾ പോസ്റ്റ് ചെയ്തത്. മൂന്ന് കത്തുകൾ കോഴിക്കോട് ജില്ലയിലേക്കായിരുന്നു. രാഷ്ട്രീയ പ്രമുഖനുള്ള കത്ത് മലപ്പുറത്തേക്കും. നാല് പേരിൽ നിന്നുമായി 11 കോടിയാണ് ആവശ്യപ്പെട്ടത്.
പണം നൽകിയില്ലെങ്കിൽ കുടുംബാംഗങ്ങളെ ഉൾപ്പെടെ കൊല്ലുമെന്നായിരുന്നു ഭീഷണി. പരാതി കിട്ടിയതോടെ സിറ്റി പൊലീസ് ചീഫ് എ.വി ജോർജിന്റെ നിർദ്ദേശപ്രകാരം രഹസ്യാന്വേഷണം നടത്തി കത്ത് വ്യാജമാണെന്ന് തിരിച്ചറിഞ്ഞു. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതോടെ ഒരു വാഹനം സംശയത്തിന്റെ നിഴലിലായി. തുടർന്ന് വാഹന ഉടമയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ സ്ഥിരീകരിച്ചത്. ഹബീബ് റഹ്‌മാനെ അറസ്റ്റുചെയ്തതിന് പിന്നാലെ ഗോവയിലേക്ക് പോയ ഷാജഹാനെയും വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തി. കത്ത് പോസ്റ്റ് ചെയ്യാൻ വയനാട്ടിലേക്ക് പോയപ്പോൾ സഞ്ചരിച്ച ആഡംബരവാഹനവും കസ്റ്റഡിയിലെടുത്തു.
കൺസ്ട്രക്‌ഷൻ മേഖലയിൽ വന്ന വൻ സാമ്പത്തിക ബാദ്ധ്യത തീർക്കാൻ ലക്ഷ്യമിട്ടാണ് ഉയർന്ന സാമ്പത്തികശേഷിയുള്ള വ്യക്തികൾക്ക് മാവോയിസ്റ്റ് സംഘടനകളുടെ പേരിൽ വ്യാജഭീഷണിക്കത്ത് അയച്ചതെന്നാണ് ഹബീബ് റഹ്‌മാന്റെ മൊഴി. ഷാജഹാൻ കത്ത് പോസ്റ്റ് ചെയ്തതിന്റെ അടുത്ത ദിവസം ഹബീബ് റഹ്‌മാൻ ചുണ്ടേലിലെത്തി കത്ത് ലഭിച്ചോ എന്ന് ഉറപ്പ് വരുത്താൻ വ്യവസായികളിൽ ഒരാളെ വിളിച്ച് മൂന്ന് കോടി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നു.