പേരാമ്പ്ര:പേരാമ്പ്ര ടൗൺ നവീകരണത്തിന്റെ ഭാഗമായി റോഡിന്റെ ഇരുവശങ്ങളിലും കാൽനടയാത്രക്കാർക്ക് സഞ്ചരിക്കാൻ നടപ്പാത നിർമ്മിച്ചെങ്കിലും അതിപ്പോൾ വാഹന പാർക്കിംഗ് ഏരിയയാണ്.തിരക്കേറിയ പേരാമ്പ്ര കവലയിലെ നടപ്പാതയിലെ വാഹന പാർക്കിംഗ് തടയുന്നില്ലെന്ന് പരാതി വ്യാപകമാണ്.നടപ്പാതയിലൂടെ നടക്കാൻ കഴിയാത്തതിനാൽ യാത്രക്കാർ റോഡിലിറങ്ങിയാണ് നടക്കുന്നത്. ഇതോടെ വഴി യാത്രക്കാർ അപകടത്തിൽപ്പെടുന്നത് നിത്യ സംഭവമാണ്. വാഹനങ്ങൾ നടപ്പാതയ്ക്ക് ഇരുവശവും പാർക്ക് ചെയ്യുന്നതിനാൽ കടകളിലേക്ക് ആളുകൾക്ക് വരാനും കഴിയുന്നില്ല. ഇത് കാരണം വ്യാപാരികളും ഇരുചക്ര യാത്രക്കാരും തമ്മിൽ വാക്ക് തർക്കത്തിന് കാരണമാവുന്നതായി വ്യാപാരികൾ പറയുന്നു.അനധികൃത പാർക്കിംഗിനെതിരെ നേരത്തെയും പരാതി നൽകിയെങ്കിലും അധികൃതർ കണ്ടഭാവം നടിക്കുന്നില്ല. വഴിമുടക്കി പാർക്കു ചെയ്യുന്ന ഇരുചക്രവാഹനങ്ങൾക്കെതിരെ പിഴയടക്കമുളള കർശന നടപടി സ്വീകരിക്കണമെന്നും കാൽനടയാത്രക്കാരും വ്യാപാരികളും ആവശ്യപ്പെട്ടു.