കോഴിക്കോട്: പെരുന്നാൾ അടുത്തതോടെ കോഴി ഇറച്ചിക്ക് അമിത വില ഈടാക്കുന്നുവെന്ന പരാതിയെ തുടർന്ന് സിവിൽ സപ്ളൈസ് ഉദ്യോഗസ്ഥർ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഇറച്ചിക്കടകളിൽ പരിശോധന നടത്തി.അമിത വില ഈടാക്കരുതെന്ന് ഉദ്യോഗസ്ഥർ കച്ചവടക്കാർക്ക് താക്കീത് നൽകി.എന്നാൽ പരിശോധനക്കെതിരെ വ്യാപാരികൾ രംഗത്ത് എത്തി. വില വർദ്ധനവിന് കാരണം വ്യാപാരികൾ അല്ലെന്ന് സംസ്ഥാന ചിക്കൻ വ്യാപാരി സമിതി ജില്ലാ ഭാരവാഹികൾ പറഞ്ഞു.അന്യസംസ്ഥാന വൻകിട ചിക്കൻ ലോബിയാണ് വില വർദ്ധിപ്പിക്കുന്നത്. ഇക്കാര്യത്തിൽ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ഫാമുകളിൽ നിന്ന് കുറഞ്ഞ വിലക്ക് ലഭിക്കുകയാണെങ്കിൽ കുറഞ്ഞ വിലക്ക് വിൽക്കാൻ തയ്യാറാണ്. അല്ലാതെ വ്യാപാരികളോട് വില കുറച്ച് വിൽക്കണമെന്ന് പറഞ്ഞാൽ തങ്ങൾ കടകൾ അടച്ചിടാൻ നിർബന്ധിതരാവുമെന്ന് അവർ മുന്നറിയിപ്പ് നൽകി. പെരുന്നാൾ കഴിഞ്ഞതിന് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അവർ പറഞ്ഞു.