കുറ്റ്യാടി: വേളം പഞ്ചായത്തിൽ വാക്സിൻ ക്ഷാമം രൂക്ഷമായിട്ടും അധികൃതർക്ക് ഉത്തരം മൗനം. ഏകദേശം 31,000 ജനസംഖ്യയുള്ള വേളം ഗ്രാമപഞ്ചായത്തിൽ ഇതുവരെ 25 ശതമാനം ആളുകൾ മാത്രമാണ് വാക്സിൻ സ്വീകരിച്ചത്. ഓരോ ദിവസവും വ്യത്യസ്ത വിഭാഗങ്ങളിൽ ഉൾപ്പെടുത്തി നാമമാത്രമായ ആളുകൾക്ക് മാത്രമേ വാക്സിൻ ലഭിക്കുന്നുള്ളു. വേളം പഞ്ചായത്തിന്റെ സമീപ പഞ്ചായത്തുകളിൽ അധികം കുത്തി വയ്പ് കേന്ദ്രങ്ങളും വാർഡ് അടിസ്ഥാനത്തിലുള്ള വാക്സിനേഷൻ ക്യാമ്പുകളും നടത്തുമ്പോഴാണ് വേളം പഞ്ചായത്തിലെ ജനങ്ങളോട് അധികൃതരുടെ അവഗണന തുടരുന്നത്.

പഞ്ചായത്ത് ആർ.ആർ.ടി യോഗ തീരുമാന പ്രകാരം ഭരണസമിതി ജില്ല മെഡിക്കൽ ഓഫീസറെയും വാക്സിനേഷൻ ഉത്തരവാദിത്വമുള്ള ജില്ലാ ഉദ്യാഗസ്ഥനെയും നിരന്തരം ബന്ധപ്പെട്ടിട്ടും ഇതുവരെയും വാക്സിൻ ക്ഷാമത്തിന് ശാശ്വതമായ ഒരു പരിഹാരം കാണാനായില്ല. രണ്ട് ദിവസം മുമ്പ് ആരോഗ്യവകുപ്പ് പുറപ്പെടുപ്പിച്ച ഉത്തരവ് പ്രകാരം 45 വയസിന് മുകളിലുള്ളവർക്ക് മാത്രമേ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നിന്ന് വാക്സിൻ എടുക്കാൻ സാധിക്കുകയുള്ളു. അന്യസംസ്ഥാനങ്ങളിൽ പഠിക്കുന്ന നിരവധി വിദ്യാർത്ഥികളാണ് വാക്സിനായി രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്. ഗവ .താലൂക്ക് ആശുപത്രികളിലും സി.എച്ച്.സി, എഫ്.എച്ച്.സികളിലും കൂടുതൽ വാക്സിൻ നൽകുമ്പോൾ താലൂക്കിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള വേളം പഞ്ചായത്തിനെ അധികൃതർ പൂർണമായും അവഗണിച്ചതിൽ ജനങ്ങൾ നിരാശരാണ്. ദിനം പ്രതി നൂറുകണക്കിനാളുകളാണ് ജനപ്രതിനിധികളെ വാക്സിനു വേണ്ടി വിളിച്ചു കൊണ്ടിരിക്കുന്നത്. ഉത്തരം പറയാനാവാതെ ജനപ്രതിനിധികളും. വേളം പ്രാഥമികാരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉയർത്തിയെങ്കിലും യാതൊരു പരിഗണനയും ഇക്കാര്യത്തിൽ ലഭിക്കുന്നില്ല.

 വേളത്ത് വാക്സിൻ ക്ഷാമം രൂക്ഷമാണ്. ഇത് പരിഹരിക്കാൻ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ല. ജില്ല മെഡിക്കൽ ഓഫീസറെ വാക്സിൻ ക്ഷാമം കാരണം നേരിടുന്ന പ്രയാസങ്ങൾ നിരവധി തവണ ധരിപ്പിച്ചെങ്കിലും വ്യക്തമായ ഒരു ഉത്തരം നൽകാൻ ഇതുവരെയും തയാറായിട്ടില്ല. വിദ്യാർത്ഥികളും, പ്രവാസികളും നേരിടുന്ന ബുദ്ധിമുട്ടുകൾ വളരെ വലുതാണ്. വാക്സിൻ ക്ഷാമം പരിഹരിക്കാൻ എം.എൽ.എ.അടിയന്തിരമായി ഇടപെടണം- നയീമ കുളമുള്ളതിൽ, പഞ്ചായത്ത് പ്രസിഡന്റ്