1


കൊയിലാണ്ടി: ഡി കാറ്റഗറിയായിട്ടും ബസും ഓട്ടോറിക്ഷകളും കൊയിലാണ്ടിയിൽ സജീവമായി സർവീസ് നടത്തുന്നു. വ്യാഴാഴ്ച 222 പേർ ടെസ്റ്റ് നടത്തിയപ്പോൾ 42 പേർക്ക് പോസിറ്റീവായി . ടി.പി. ആർ നിരക്ക് 21.2 ശതമാനമായി ഉയർന്നു. ബസ്സ് സ്റ്റാൻഡ് കയർ കെട്ടി തടഞ്ഞിരിക്കയാണെങ്കിലും മേൽപ്പാലം, ടോൾ ബൂത്തുകൾക്ക് സമീപം, ടൗൺഹാളിന് മുൻ വശം എന്നിവിടങ്ങളിൽ ബസ് പാർക്ക് ചെയ്താണ് ആളുകളെ കയറ്റുന്നത്. ബസ് ജീവനക്കാർ സ്റ്റാൻഡിലെത്തി യാത്രക്കാരെ കൂട്ടിക്കൊണ്ട് പോവുന്നുമുണ്ട്.

ബാങ്ക്, മത്സ്യ മാർക്കറ്റ്, ഹാർബർ എന്നിവിടങ്ങളിൽ സാമൂഹിക അകലം പാലിക്കാതെ ആളുകൾ കൂട്ടം കൂടി നില്ക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ തുറന്ന സ്ഥാപനങ്ങൾ സെക്ടറൽ മജിസ്‌ടേറ്റുമാർ അടപ്പിച്ചിരുന്നു. പൊലീസും സജീവമായി രംഗത്തുണ്ടങ്കിലും നിയമം ലംഘിച്ച് സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ നടപടി എടുക്കുന്നില്ലന്നാണ് ജനങ്ങളുടെ പരാതി. മെഗാ ക്യാമ്പുകൾ നടത്തിയിട്ടും ടി.പി. ആർ നിരക്ക് കുറയാത്തത് ജനങ്ങളിൽ ആശങ്ക പരത്തിയിരിക്കയാണ്. വാർഡ് തല സമിതികൾ നിർജീവമായതോടെ നാട്ടിൻപുറങ്ങളിൽ ആളുകൾ കൂട്ടം കൂടുകയും ചെയ്യുകയാണ്. കർശനമായ നടപടികൾ എടുക്കുന്നില്ലങ്കിൽ കൊയിലാണ്ടിയിൽ വ്യാ പനത്തോത് ഇനിയും വർദ്ധിക്കുമെന്ന് സംശയമില്ല.