sahya

കോഴിക്കോട്: പുതിയ സ്ഥാപനങ്ങളെ വരവേൽക്കാൻ ഒരുങ്ങി കോഴിക്കോട് ഗവ. സൈബർ പാർക്ക്. ഈ മാസം അവസാനത്തോടെ സഹ്യ ബിൽഡിംഗ് ബേസ്‌മെന്റ് ഏരിയയിൽ 42,744 ചതുരശ്ര അടി സ്ഥലത്ത് 31 ചെറിയ കമ്പനികൾക്കായി ഓഫീസുകൾ സജ്ജമാക്കും. എല്ലാ സംവിധാനങ്ങളുമായുള്ള ഓഫീസുകളിൽ ഫർണിച്ചറുകൾ ഉൾപ്പടെ എല്ലാ സൗകര്യങ്ങളുമുണ്ടാവും. ഒരേ സമയം 66 ജീവനക്കാർക്ക് വരെ ജോലി ചെയ്യാൻ കഴിയുന്ന വലുപ്പത്തിലാണ് ഓഫീസുകൾ. ഇതിനകം തന്നെ കോഴിക്കോട് കേന്ദ്രീകരിച്ചുള്ള 5 കമ്പനികൾ ഓഫീസുകൾക്ക് ബുക്ക് ചെയ്തു കഴിഞ്ഞു.

കൊവിഡ് പ്രതിസന്ധിയ്ക്കിടയിലും കഴിഞ്ഞ വർഷം ഇവിടെ 26 കമ്പനികൾ പ്രവർത്തനമാരംഭിച്ചിരുന്നു. 2017-ൽ നാലു കമ്പനികളോടെയായിരുന്നു സൈബർ പാർക്കിന്റ തുടക്കം. ഇന്നിപ്പോൾ 60 കമ്പനികളായി. ഇതിനു പുറമെ ഇൻകുബേറ്റർ കൂടിയായ മൊബൈൽ 10 എക്‌സിന്റെ ഓഫീസുകളും പ്രവർത്തിക്കുന്നുണ്ട്. പാർക്ക് കാമ്പസിൽ ആയിരത്തിലേറെ പേർ ജോലി ചെയ്യുന്നുണ്ട്.