കോഴിക്കോട്: കനത്ത മഴയെ തുടർന്ന് ജില്ലയിൽ ദേശീയ- സംസ്ഥാന പാതകളിൽ വലിയ തോതിൽ കുഴികൾ രൂപപ്പെട്ട് തകർന്ന സാഹചര്യത്തിൽ കുഴികൾ ഒരാഴ്ചയ്ക്കകം അടക്കുന്നതിന് ജില്ലാ കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി ഉത്തരവിറക്കി. പ്രധാന പാതകളിലെ കുഴികളിൽപ്പെട്ട് വാഹനാപകടങ്ങൾ വർദ്ധിക്കുന്നുണ്ട്. ഇത് മനുഷ്യജീവൻ നഷ്ടപ്പെടാൻ തന്നെ കാരണമാവും. പ്രധാനമായും രാമനാട്ടുകര ബൈപ്പാസിൽ അപകടരമായ രീതിയിലുള്ള കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തങ്ങളുടെ നിയന്ത്രണത്തിലുള്ള റോഡുകളിൽ രണ്ടാഴ്ചയിലൊരിക്കൽ സർവേ നടത്തി സ്വീകരിച്ച നടപടികളെക്കുറിച്ച് ഡി.ഡി.എം.എയ്ക്ക് റിപ്പോർട്ട് സമർപ്പിക്കണം.ദേശീയ, സംസ്ഥാനപാതകളിലെ കുഴികൾ അടക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ചുമതല നൽകി. പ്രോജക്ട് ഡയറക്ടർ (എൻ.എച്ച്.എ.ഐ), റീജിയണൽ ഓഫീസർ (എൻ.എച്ച്എഐ തിരുവനന്തപുരം) എന്നിവർ ചേർന്ന് ജില്ലയുടെ ദേശീയ ഹൈവേകളിലെയും ദേശീയ ഹൈവേ ബൈപാസിലെയും കുഴികൾ നന്നാക്കാൻ ഒരാഴ്ച്ചക്കകം അടിയന്തിര നടപടികൾ സ്വീകരിക്കണം.എക്സിക്യൂട്ടീവ് എൻജിനിയർ (പി.ഡബ്ല്യു.ഡി എൻ.എച്ച്), എക്സിക്യൂട്ടീവ് എൻജിനിയർ പിഡബ്ല്യുഡി (റോഡുകള്‍) എന്നിവർ ദേശീയപാതയിലെയും സംസ്ഥാന ഹൈവേയിലെയും കൂടാതെ പി.ഡബ്ല്യു.ഡിയുടെ കീഴില്‍ വരുന്ന മറ്റ് റോഡുകളുടെയും കുഴികൾ നന്നാക്കാൻ അടിയന്തര നടപടികൾ കൈക്കൊള്ളണം.
അറ്റകുറ്റപ്പണികൾ നേരിട്ടോ കരാർ കാലാവധി നിലവിലുണ്ടെങ്കിൽ കരാറുകാർ വഴിയോ നടത്തണം. കുഴികൾ അടക്കുന്നതിനുള്ള ഉത്തരവാദിത്വം കരാറുകാർക്കും അറ്റകുറ്റപ്പണികൾക്ക് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥർക്കുമുണ്ടാകും.നിർദേശങ്ങൾ പാലിക്കുന്നതിൽ എന്തെങ്കിലും തരത്തിലുള്ള വീഴ്ച വരുത്തിയാൽ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരെ ദുരന്ത നിവാരണ നിയമത്തിലെ സെക്ഷൻ 51 പ്രകാരമുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.