523 വാഹനങ്ങൾ പിടിച്ചെടുത്തു

കോഴിക്കോട് : കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണം തുടരുന്നു. അനാവശ്യ യാത്രകൾ നടത്തിയ 523 വാഹനങ്ങൾ ഇന്നലെ പൊലീസ് പിടികൂടി.

മാസ്‌ക് ധരിക്കാത്തതിന് 255 കേസുകളും കൊവിഡ് പ്രോട്ടോക്കോൾ ലംഘനങ്ങളൾക്ക് 612 കേസുകളും രജിസ്റ്റർ ചെയ്തു. കൂടാതെ സാമൂഹിക അകലം പാലിക്കാത്തതിന് 12696 ആളുകളെ താക്കീത് നൽകി. സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടത്തിയ 172 കടകൾ അടപ്പിക്കുകയും ചെയ്തു.കോഴിക്കോട് സിറ്റി പൊലീസ് പരിധിയിലുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും കൊവിഡ് പ്രോട്ടോകോൾ പാലിച്ച് മാത്രമേ പ്രവർത്തിക്കുവാൻ പാടുള്ളൂവെന്ന് പൊലീസ് അറിയിച്ചു. എല്ലാ കടകളും അവയുടെ വലിപ്പത്തിനനുസരിച്ച് സാമൂഹ്യ അകലം പാലിച്ച് മാത്രമേ ആളുകളെ പ്രവേശിപ്പിക്കുവാൻ പാടുള്ളൂ. സാമൂഹ്യ അകലം ഉറപ്പുവരുത്തുന്നതിനായി മാർക്കിംഗ് നടത്തുകയും തിരക്ക് നിയന്ത്രിക്കുന്നതിനായി ടോക്കൺ സംവിധാനവും ഏർപ്പെടുത്തുകയും വേണം. കടകളിൽ ആളുകൾ കൂട്ടമായി എത്തുന്ന സമയത്ത് പരിമിതമായ ആളുകളെ പ്രവേശിപ്പിച്ചിശേഷം ഷട്ടർ പകുതി താഴ്ത്തി വെക്കണം. ഉള്ളിലുള്ള ആളുകൾ പുറത്തിറങ്ങുന്ന മുറയ്ക്ക് മാത്രമേ അടുത്തയാളുകളെ പ്രവേശിപ്പിക്കുവാനും പാടുള്ളു. നിയന്ത്രണങ്ങൾ പാലിക്കാത്ത വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതടക്കമുള്ള ശക്തമായ നടപടി സ്വീകരിക്കുും. പത്തു വയസിന് താഴെയുള്ള കുട്ടികളും മുതിർന്ന പൗരൻമാരും പൊതു സ്ഥലങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും പ്രവേശിക്കുന്നത് ഒഴിവാക്കണം. കുട്ടികളെയും മുതർന്ന പൗരൻമാരെയും കൊണ്ടുവരുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനും ജില്ലയിലെ എല്ലാ ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

തിരക്ക് നിയന്ത്രിക്കാൻ ടോക്കൺ സംവിധാനം നടപ്പിലാക്കണം

പത്ത് വയസിന് താഴെയുള്ള കുട്ടികളും മുതിർന്ന പൗരൻമാരും പൊതുസ്ഥലങ്ങളിൽ സന്ദർശനം നടത്തുന്നത് ഒഴിവാക്കണം.