1
വാക്സിൻ വിതരണം കുറ്റമറ്റതാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് താലൂക്ക് ആശുപത്രിയിൽ നടത്തിയ സമരം

കൊയിലാണ്ടി: വാക്സിൻ വിതരണം കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വാക്സി‍ൻ കിട്ടാക്കനിയാണ്.പരിമിതമായ വാക്സിൻ വിതരണത്തിലും അധികാരികൾ ഇടപെടുത്തതായി വ്യാപക പരാതി. തിരുവങ്ങുർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ആരോഗ്യ പ്രവർത്തകർ വാക്സിൻ മറിച്ച് നൽകുന്നു എന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ സമരം നടത്തിയിരുന്നു. സമരത്തിനൊടുവിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബു രാജും മെഡിക്കൽ ഓഫീസറുമായി ചർച്ച നടത്തി സമരം പിൻവലിക്കുകയായിരുന്നു.എന്നാൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പിൻവാതിൽ വാക്സിൻ മേള നടക്കുന്നു എന്ന ആരോപിച്ച് യൂത്ത് കോൺഗ്രസ് ആശുപത്രി സുപ്രണ്ടിന്റെ ഓഫീസ് ഉപരോധിക്കുകയുണ്ടായി. ഓൺലൈനായി നടത്തുന്ന റജിസ്ട്രഷനിൽ കൊയിലാണ്ടി ആശുപത്രിയിൽ സ്ലോട്ട് കാണാതിരിക്കുകയും എന്നാൽ ദിവസേന 200 പേർ ആശുപത്രിയിൽ നിന്ന് വാക്സിൻ എടുക്കുന്നതായും സമരക്കാർ കുറ്റപ്പെടുത്തി. നഗരസഭ ഡി കാറ്റഗറിയായിട്ടും വാക്സിൻ സെന്ററുകളിൽ മതിയായ സൗകര്യം ഒരു ക്കുന്നില്ലെന്നും സമരക്കാർ പറഞ്ഞു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അജയ് ബോസിന്റെ നേതൃത്വത്തിലായിരുന്നു സമരം. ആരോഗ്യ പ്രവർത്തകരുടെ വീതം വെപ്പിന് പുറമെ ജനപ്രതിനിധികളും ഇതിന്റെ പങ്ക് പറ്റുന്നതായി വാക്സിൻ എടുക്കാനെത്തിയവർ പറയുന്നു. കൗൺസിലർമാർ നല്കുന്ന പട്ടികയിൽ ഇടം തേടാൻ വലിയ പ്രയാസമാണന്നും ഇവർ പറഞ്ഞു.