nada

കോഴിക്കോട്: പണ്ടേയുണ്ട് പദ്ധതി. വാർഷിക പ്രോജക്ടിൽ 60 ലക്ഷം രൂപ വകയിരുത്തിയതാണെന്ന് കോടതി മുമ്പാകെ ബോധിപ്പിച്ചതുമാണ്. ഹൈക്കോടതി ഉത്തരവ് വന്നതോടെ പ്രശ്നങ്ങൾ തീർന്നല്ലോ എന്നു കരുതിയവർക്ക് പിന്നെയും തെറ്റിയെന്നു മാത്രം. ഫറോക്ക് മുനിസിപ്പാലിറ്റിയിലെ ആധുനിക പൊതുശ‌്മശാനം എന്തായെന്നു ആരെങ്കിലും സംശയം ചോദിച്ചാൽ ഇപ്പോഴും ഉത്തരം ശൂന്യം. ചുരുക്കത്തിൽ കോടതി ഉത്തരവിനും ഇവിടെ കോൾഡ് സ്റ്റോറേജിലായി സ്ഥാനം.

ആധുനിക സൗകര്യങ്ങളോടെ പൊതുശ്മശാനം നിർമ്മിക്കണമെന്ന ആവശ്യവുമായി ഫറോക്ക് ടൗൺ കേന്ദ്രീകരിച്ചുള്ള സോഷ്യൽ സർവിസ് ഓർഗനൈസേഷൻ സമർപ്പിച്ച ഹർജി പരിഗണിച്ച് 2017 ജൂലായ് 27-നായിരുന്നു ഹൈക്കോടതിയുടെ അനുകൂല ഉത്തരവ്. ഇന്നും പക്ഷേ, നഗരസഭയുടെ അലംഭാവത്തിൽ ശ്‌മശാന നവീകരണം നീണ്ടുപോവുകയാണ്. കൈയേറ്റ വിഷയം തീർക്കാനായില്ലെന്നതു തന്നെ മുഖ്യപ്രശ്നം.

ദശാബ്ദങ്ങളായി കോട്ടക്കുന്നിൽ ഉപയോഗിച്ചുവരുന്ന ശ്‌മശാനം ആധുനികവത്കരിക്കാൻ 2015 - 2016 ലെ വാർഷിക പ്രോജക്ടിൽ 60 ലക്ഷം രൂപ വകയിരുത്തിയതായി 2016 ൽ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ നഗരസഭ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, പദ്ധതിയും തുകയും കടലാസിൽ തന്നെ ഒതുങ്ങുകയായിരുന്നു.

നിലവിലുള്ള ശ്‌മശാനം വിപുലീകരിക്കാൻ സ്ഥലം ഏറ്റെടുക്കാൻ മുതിർന്നപ്പോൾ 2015 ലെ തിരഞ്ഞെടുപ്പ് വേളയിൽ കൈയേറ്റ പ്രശ്നമുണ്ടായി. ശ്‌മശാനം പട്ടികജാതിയിൽ പെട്ടവരുടേതാണെന്നു പറഞ്ഞാണ് ഒരു വിഭാഗം രംഗത്തെത്തിയത്. 2016-ൽ പുതിയ നഗരസഭാ ഭരണസമിതി അധികാരത്തിൽ വന്നപ്പോൾ കൈയേറ്റത്തിനെതിരെ നടപടിയൊന്നും സ്വീകരിച്ചില്ല. തുടർന്ന് സോഷ്യൽ സർവിസ് ഓർഗനൈസേഷൻ ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കൈയേറ്റം ഒഴിപ്പിക്കാൻ നഗരസഭയോട് നിർദ്ദേശിച്ച കോടതി ആധുനിക ശ്‌മശാന നിർമ്മാണം ആരംഭിക്കാൻ ഉത്തരവിട്ടതുമാണ്.

എന്നിട്ടും കൈയേറ്റം ഒഴിപ്പിക്കാൻ നടപടിയുണ്ടായില്ല. മാറി മാറി ഭരിച്ച ഇരുമുന്നണികളും വോട്ട് നഷ്ടപ്പെടുമെന്ന ചിന്തയിൽ കാഴ്ചക്കാരായി മാറി.

ബി.ഡി.ജെ.എസിന്റെ നേതൃത്വത്തിൽ ശ്‌മശാന വിഷയത്തിലൂന്നി ബോധവത്കരിക്കാൻ 2018 ൽ കരുവൻതുരുത്തി, ഫറോക്ക്, വെസ്റ്റ് നല്ലൂർ, പുറ്റേക്കാട്, കല്ലമ്പാറ, നല്ലൂരങ്ങാടി, പെരുമുഖം ഭാഗങ്ങളിൽ ബെെക്ക് റാലിയും മറ്റും സംഘടിപ്പിച്ചിരുന്നു. 2016ൽ നഗരസഭ നിലവിൽ വന്നപ്പോൾ തന്നെ 38 കൗൺസിലർമാർക്കും രേഖാമൂലം പരാതി നൽകിയതുമാണ്. പിന്നീട് 2020- ൽ സോഷ്യൽ സർവിസ് ഓർഗനൈസേഷൻ പ്രതിനിധികളെയും കോളനി നിവാസികളെയും ഹിയറിംഗിന് വിളിച്ചപ്പോൾ ഇരുവരുടെയുും വാദം കേട്ട് രണ്ടു മാസത്തിനകം തീരുമാനമെടുക്കാൻ നിർദ്ദേശിച്ചതാണ്. അതിനു ശേഷവും ഒന്നും സംഭവിച്ചില്ല.