കോഴിക്കോട് : ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയ്ക്ക് തുടക്കമായി. ജില്ലയിൽ 14 കേന്ദ്രങ്ങളിലായി 2060 പേരാണ് ഇന്നലെ പരീക്ഷ എഴുതിയത്. 1345 പേർ വനിതകളാണ്. ഒന്നാംവർഷ പരീക്ഷയ്ക്ക് 1021 പേരും രണ്ടാം വർഷത്തിലേക്ക് 1021 പഠിതാക്കളുമാണുണ്ടായിരുന്നത്. പരീക്ഷ ശനിയാഴ്‌ച അവസാനിക്കും. പട്ടികജാതി- വർഗത്തിൽപെട്ട 225 പേരും ഭിന്നശേഷിക്കാരായ 23 പേരും പരീക്ഷ എഴുതാനെത്തി. നടക്കാവ് പഠന കേന്ദ്രത്തിലാണ് കൂടുതൽ പേർ പരീക്ഷ എഴുതിയത്. കൊവിഡ് പോസിറ്റീവായ ഒമ്പതു പേരും എത്തിയിരുന്നു. കൊവിഡ് കാലത്ത് ഓൺലൈൻ ക്ലാസ് മാത്രമായതിനാൽ 160 മാർക്കിന്റെ ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. ഇതിൽ 80 മാർക്കിന് ഉത്തരം എഴുതിയാൽ മതി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷ നടത്തിയത്. രോഗമുള്ളവർക്കും നീരീക്ഷണത്തിൽ കഴിയുന്നവർക്കും പരീക്ഷ എഴുതാൻ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു.