train

കോഴിക്കോട്: തിരുവനന്തപുരം - കാസർകോട് അതിവേഗ റെയിൽപാതയായി സിൽവർ ലൈൻ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കൽ നേരിടുന്നവരുടെ പരാതികൾ കേൾക്കാൻ യു.ഡി.എഫിന്റെ സബ് കമ്മിറ്റി 30ന് കോഴിക്കോട്ട് എത്തുന്നു. ഉച്ച കഴിഞ്ഞ് 2.30ന് നടക്കാവ് ഈസ്റ്റ് അവന്യൂവിൽ കമ്മിറ്റി കൺവീനർ ഡോ.എം.കെ. മുനീറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പരാതിക്കാർക്ക് പ്രശ്നങ്ങൾ അവതരിപ്പിക്കാം.

പദ്ധതിയുടെ ഭാഗമായുള്ള സ്ഥലം ഏറ്റെടുക്കൽ, അത് എത്ര പേരെ പ്രതികൂലമായി ബാധിക്കും, പുനരധിവാസം, നഷ്ടപരിഹാരം തുടങ്ങിയ കാര്യങ്ങളിൽ ഇനിയും വ്യക്തത വന്നിട്ടില്ലെന്ന ആക്ഷേപം വ്യാപകമാണ്. ഭൂമി നഷ്ടപ്പെടുന്നവരെ കേൾക്കാൻ ഔദ്യോഗികതലത്തിൽ ഇതുവരെ നീക്കമുണ്ടായിട്ടില്ല. പദ്ധതിയുടെ സാമ്പത്തിക പ്രായോഗികത, പരിസ്ഥിതിയ്ക്കു ഉണ്ടായേക്കാവുന്ന ആഘാതം എന്നിവയെക്കുറിച്ചും ആശങ്കകളുയർന്നിട്ടുണ്ട്.

പ്രദേശവാസികൾക്ക് നിർദ്ദേശങ്ങളും പരാതികളും സബ് കമ്മിറ്റി മുമ്പാകെ സമർപ്പിക്കാമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ എൻ. ബാലനാരായണൻ, കൺവീനർ എം.എ.റസാഖ് എന്നിവർ അറിയിച്ചു

യോഗത്തിൽ എം.എൽ.എമാരായ മോൻസ് ജോസഫ്, അനൂപ് ജേക്കബ്, മാണി സി.കാപ്പൻ, മുൻ മന്ത്രിമാരായ കെ.സി. ജോസഫ്, ഷിബു ബേബി ജോൺ, അംഗങ്ങളായ സി.പി. ജോൺ,വി.ടി. ബലറാം, ജി. ദേവരാജൻ, ജോൺ ജോൺ, എ.എൻ. രാജൻ ബാബു എന്നിവരും ജില്ലയിലെ യു.ഡി.എഫ് നേതാക്കളും സംബന്ധിക്കും.