test

​രാമനാട്ടുകര: ടി.പി.ആർ കുതിച്ചതോടെ ഡി കാറ്റഗറിയിൽ പെട്ട രാമനാട്ടുകര നഗരസഭ കൊവിഡ് പരിശോധന പരമാവധിയാക്കാൻ പുത്തൻ പരീക്ഷണത്തിന് തുടക്കമിട്ടു. ടെസ്റ്റിംഗ് ക്യാ​മ്പിലേക്ക് കൂടുതൽ ആളുകളെ എത്തിക്കുന്ന ​കൗൺസിലർമാർക്ക് പ്രോ​ത്സാഹന സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് ആരോഗ്യ വിഭാഗം. സമ്പർക്കസാദ്ധ്യത ആവുന്നത്ര തടഞ്ഞ് നഗരസഭ പരിധിയിലെ ​ ടി.പി ആർ ഗണ്യമായി കുറച്ചുകൊണ്ടു വരികയാണ് ലക്ഷ്യം.

കൊവിഡ് ടെസ്റ്റിംഗ് ക്യാ​മ്പിലേക്ക് ജനങ്ങൾ എത്താൻ മടിക്കുന്നത് നഗരസഭയിൽ സമ്പർക്കം വല്ലാതെ കൂടാനും ടി.പി ആർ ഉയരാനും ഇടയാക്കിയെന്ന വിലയിരുത്തലിനെ തുടർന്നാണ് ​ ​കൗൺസിലർമാരുടെ നേതൃത്വത്തിൽ പരിശോധനായജ്ഞത്തിന് ആക്കം കൂട്ടാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. മത്സരബുദ്ധിയോടെ കൗൺസിലർമാർ രംഗത്തിറങ്ങിയാൽ അതിന്റെ ഫലമുണ്ടാവാതിരിക്കില്ലെന്ന നിഗമനത്തിലാണ് ഭരണസമിതി. അതേസമയം, നേരത്തെ നഗരസഭയിലെ ആശാ വർക്കർമാർ​ക്ക് പ്രോത്സാഹനമെന്ന നിലയിൽ മിക്സി വാഗ്ദാനം ചെയ്തത് കൗൺസിലർമാരുടെ ​എതിർപ്പിന് കാരണമായിരുന്നു. ​

രാമനാട്ടുകര ​ ബസ് സ്റ്റാൻഡ് പരിസരത്ത് ​ ഇന്ന് ഒരുക്കുന്ന ക്യാമ്പിലേക്ക് ഫറോക്ക് ​പൊ​ലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥാപനങ്ങളുടെ നടത്തിപ്പുകാർ, ജീവനക്കാർ, ഡ്രൈവർമാർ, രോഗികളുമായി സമ്പർക്കത്തിലുള്ളവർ തുടങ്ങിയവർക്കെല്ലാം പരിശോധനയ്ക്ക് ( ആന്റിജൻ, ആർ.ടി.പി.സി.ആർ)​ വിധേയരാവാമെന്ന് നഗരസഭ​ ​ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ​ കെ.എം.യമുന അറിയിച്ചു.​