crime

കോഴിക്കോട്: കോഴിക്കോട്ടെ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസിൽ മുഖ്യപ്രതി മലപ്പുറം സ്വദേശി ഇബ്രാഹിം പുല്ലാട്ടിനെ കസ്റ്റഡിയിൽ വിട്ടു. ക്രൈംബ്രാഞ്ച് അസി. കമ്മിഷണർ ടി.പി. ശ്രീജിത്ത് നൽകിയ കസ്റ്റഡി അപേക്ഷയിലാണ് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് മൂന്നാം കോടതി എട്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്. അടുത്ത ദിവസങ്ങളിൽ ഇയാളുമായി തെളിവെടുപ്പ് നടത്തും.

കോഴിക്കോട്ടെ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ബംഗളൂരു സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസിലെ മുഖ്യപ്രതിയായ ഇബ്രാഹിമിനെ കഴിഞ്ഞ ദിവസം കോഴിക്കോട്ടെത്തിച്ചത്. പരപ്പന അഗ്രഹാര ജയിലിലായിരുന്ന ഇയാളെ അന്വേഷണ സംഘം കോഴിക്കോട്ടെത്തിച്ച് റിമാൻഡ് ചെയ്യുകയായിരുന്നു.

കോഴിക്കോട് കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ അഞ്ചും നല്ലളം, മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിൽ ഒന്നു വീതവും സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകളാണ് കണ്ടെത്തിയത്. ഇബ്രാഹാമിന് കോഴിക്കോട്ടെ കേസിലും ബന്ധമുണ്ടെന്ന് നേരത്തെ അറസ്റ്റിലായ ജുറൈസ് മൊഴി നൽകിയിരുന്നു. ബംഗളൂരുവിലേത് പോലെ കോഴിക്കോട്ടെയും സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകളുടെ പിന്നിലെ ബുദ്ധികേന്ദ്രം ഇബ്രാഹിമാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കൂട്ടുപ്രതികളായ മൂരിയാട് സ്വദേശികളായ ഷബീർ, പ്രസാദ് എന്നിവർ ഒളിവിലാണ്. സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചിനായി കോടികൾ നിക്ഷേപം നടത്തിയെന്നാണ് പൊലീസിന്റെ നിഗമനം. കേരളത്തിൽ നിന്ന് വലിയ തോതിൽ നിക്ഷേപം സ്വീകരിച്ചതായാണ് കരുതുന്നത്.