human

കോഴിക്കോട് : ഉണ്ണിക്കുളം പഞ്ചായത്തിലെ ഇയ്യാട് – എളേറ്റിൽ - വട്ടോളി റോഡിലെ മദ്രസയ്ക്ക് സമീപം മാലിന്യം തള്ളിയെന്ന പരാതിയിൽ അടിയന്തര നടപടി സ്വീകരിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ നിർദ്ദേശം. ഉണ്ണിക്കുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മിഷൻ ജുഡിഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശിച്ചിരിക്കുന്നത്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
പ്ലാസ്റ്റിക്- ഖര മാലിന്യമുൾപ്പെടെ ചാക്കിൽ കെട്ടി നിക്ഷേപിക്കുന്നത് പതിവാണ്. വാഹനങ്ങളിലെത്തി മാലിന്യങ്ങൾ വലിച്ചെറിയുകയാണ്.ചെറുതും വലുതുമായ നൂറുകണക്കിന് ചാക്കുകെട്ടുകളാണ്‌ റോഡിൽ കുമിഞ്ഞു കിടക്കുന്നത്.
നേരത്തെ ഹരിതസേന വീടുകളിൽ നിന്ന് മാലിന്യം ശേഖരിച്ച് കൂട്ടിയിടുന്ന സ്ഥലത്താണ് നാട്ടുകാർ മാലിന്യം തള്ളുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രദേശത്തെ വയലുകളിൽ അടിഞ്ഞുകൂടി കൃഷി നശിക്കുകയാണ്. പരിസരവാസികൾ നിരവധി തവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല.