kallai

 നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരമാകും

കോഴിക്കോട്: മഴയിൽ കോഴിക്കോട് നഗരം വെള്ളത്തിൽ മുങ്ങുന്നത് ഒഴിവാക്കാൻ കല്ലായി പുഴയിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ ഉറപ്പ്.തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എയുടെ സബ്മിഷന് നൽകിയ മറുപടിയിലാണ് നിയമസഭയിൽ മന്ത്രി ഉറപ്പ് നൽകിയത്. കടുപ്പിനി മുതൽ കോതി വരെ 4.20 കിലോമീറ്റർ ദൂരം ചെളിയും മറ്റു മാലിന്യങ്ങളും നീക്കം ചെയ്ത് ഒഴുക്ക് സുഗമമാക്കാൻ കോഴിക്കോട് കോർപ്പറേഷൻ 7.50 കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. ഇറിഗേഷൻ വകുപ്പിനാണ് ചുമതല.

ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ മുസാഫിർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.സി.രാജൻ, കോർപ്പറേഷൻ സെക്രട്ടറി കെ.യു.ബിനി എന്നിവരടങ്ങുന്ന സംഘം മന്ത്രി റോഷി അഗസ്റ്റിനുമായി ചർച്ച നടത്തിയിരുന്നു. പുഴയിൽ നിന്ന് ഡ്രഡ്ജ് ചെയ്തു ലഭിക്കുന്ന മണലും മണ്ണും ചെളിയും തടിയുടെ അവശിഷ്ടങ്ങളും കടലിൽ മൂന്നു മുതൽ അഞ്ചു കിലോമീറ്റർ ഉള്ളിലായി നിക്ഷേപിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. എന്നാൽ പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന വിലയിരുത്തിയതിനെ തുടർന്ന് പദ്ധതി പുന:പരിശോധിക്കാൻ തീരുമാനിച്ചു. ഡ്രഡ്ജ് ചെയ്തു ലഭിക്കുന്ന ചെളിയിലെ മണൽ നിർമാണ പ്രവർത്തനങ്ങൾക്കും കളിമണ്ണ് ഇഷ്ടിക നിർമാണത്തിനും മറ്റ് അവശിഷ്ടങ്ങൾ ഫില്ലിംഗ് ജോലികൾക്ക് ഉപയോഗിക്കാമെന്നും തീരുമാനിക്കുകയായിരുന്നു. നിലവിൽ തയ്യാറാക്കിയിരിക്കുന്ന എസ്റ്റിമേറ്റ് ഇറിഗേഷൻ വകുപ്പ് പരിശോധിച്ച് സാങ്കേതിക അനുമതി നൽകി അടിയന്തരമായി നടപ്പിലാക്കാൻ ശ്രമിക്കുമെന്നും തുടർ നടപടികൾക്കായി സൂപ്രണ്ടിംഗ് എൻജിനിയറെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.