കോഴിക്കോട്: കൊവിഡ് കാലത്ത് അടച്ചു പൂട്ടി വീട്ടിലിരുന്ന് പഠിച്ച് ഹയർ സെക്കൻഡറിയിൽ ജില്ല നേടിയെടുത്തത് 90.25 ശതമാനം വിജയം. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണ് ഇത്തവണ വിജയ ശതമാനം. ജില്ലയിൽ 86.22 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ വിജയം. ഹയർ സെക്കൻഡറി പരീക്ഷയിൽ സംസ്ഥാനത്ത് രണ്ടാമതാണ് ജില്ല. 176 സ്‌കൂളുകളിൽ നിന്ന് പരീക്ഷ എഴുതിയ 38,188 പേരിൽ 34,464 പേർ ഉപരി പഠനത്തിന് അർഹരായി. 5382 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണവും കുതിച്ചുയർന്നു. 5382 വിദ്യാർത്ഥികൾക്കാണ് മുഴുവൻ എ പ്ലസ്. കഴിഞ്ഞ വർഷം 1991 പേർക്കായിരുന്നു ഫുൾ എ പ്ലസ്. 1200 ൽ 1200 മാർക്ക് നേടിയവരുടെ എണ്ണവും ഇത്തവണ കൂടിയിട്ടുണ്ട്. ടെക്‌നിക്കൽ സ്‌കൂളിൽ പരീക്ഷ എഴുതിയ 88.57 ശതമാനം പേർ വിജയിച്ചു. 70 പേർ എഴുതിയതിൽ 62 പേർ ഉപരിപഠനത്തിന് അർഹരായി. 2 പേർ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി. ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 57.84 ശതമാനമാണ് വിജയം. പരീക്ഷ എഴുതിയ 6025 പേരിൽ 3485 പേർ ഉപരിപഠനത്തിന് യോഗ്യരായി. 94 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് സ്വന്തമാക്കി.
നൂറുമേനി കൊയ്ത സ്കൂളുകൾ
എയ്‌ഡഡ്- കൂടത്തായ് സെന്റ് മേരീസ് എച്ച്.എസ്.എസ്, മണ്ണൂർ നോർത്ത് സി.എം.എ.ച്ച്.എസ്.എസ്, രാമനാട്ടുകര സേവാമന്ദിർ എച്ച്.എസ്.എസ്, തോട്ടുമുക്കം സെന്റ് തോമസ് എച്ച്.എസ്, എരഞ്ഞിപ്പാലം കരുണ സ്‌പീച്ച് ആൻഡ് ഹിയറിംഗ് എച്ച്.എസ്.എസ്. അൺ എയ്‌ഡഡ്- ചേവായൂർ പ്രസന്റേഷൻ എച്ച്.എസ്.എസ്, വടകര ശ്രീനാരായണ എച്ച്.എസ്.എസ്, കോഴിക്കോട് എസ്.എച്ച്. എസ്.എസ്.എസ്, സ്‌പെഷ്യൽ- കൊളത്തറ കാലിക്കറ്റ് സ്‌കൂൾ ഫോർ ഹാന്റികാപ്‌ഡ്.സിൽവർ ഹിൽസിൽ 14 കുട്ടികൾ മുഴുവൻ മാർക്കും നേടി. പെരുമണ്ണ സ്വാമി ബോധാനന്ദ സ്കൂളിലാണ് ജില്ലയിൽ ഏറ്റവും കുറഞ്ഞ വിജയശതമാനം (10.77). 65 കുട്ടികൾ പരീക്ഷയെഴുതിയതിൽ ഏഴ് പേർ മാത്രമാണ് ജയിച്ചത്.
#വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 82.50%
വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷയിൽ റിവൈസ്‌ഡ് കം മോഡുലാർ സ്‌കീമിൽ 82.50 ശതമാനമാണ് വിജയം. 1760 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 1452 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. ഈ വിഭാഗത്തിൽ പാർട്ട് ഒന്ന്, രണ്ട്, മൂന്നിൽ മടപ്പള്ളി ഗവ. ബോയ്സ് റീജ്യണൽ ഫിഷറീസ് സ്‌കൂളിൽ 98.28 ശതമാനമാണ് വിജയം. 116 പേർ എഴുതിയതിൽ 114 പേരും ജയിച്ചു. റഹ്മാനിയ വി.എച്ച്.എസ്.എസ് ഫോർ ഹാൻഡികാപ്പ്ഡിൽ 99.26 ശതമാനവും ജയിച്ചു. 136ൽ ഒരാൾ മാത്രമാണ് ഉപരിപഠനത്തിന് അർഹത നേടാതിരുന്നത്. ബേപ്പൂർ റീജ്യണൽ ഫിഷറീസ് സ്കൂളും ഓർക്കാട്ടേരി കെ. കുഞ്ഞിരാമക്കുറുപ്പ് മെമ്മോറിയൽ ഗവ.വി.എച്ച്.എസ്.എസിനും യഥാക്രമം 44.23, 45.59 ശതമാനം മാത്രമാണ് വിജയം. എൻ.എസ്.ക്യു.എഫ് സ്‌കീമീൽ 79.76 ശതമാനം വിജയമുണ്ട്. 677 പേർ പരീക്ഷ എഴുതിയതിൽ 540 പേർ ജയിച്ചു.
പരീക്ഷ എഴുതിയവർ 38,188
ഉപരി പഠനത്തിന് അർഹർ 34,464
ഫുൾ എ.പ്ലസ് 5382
വിജയ ശതമാനം 90.25%
കഴിഞ്ഞ വർഷം 86.22
ഫുൾ എ.പ്ലസ് 1991