
നടുവണ്ണൂർ: നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് മുന്നിൽ പ്രവർത്തിക്കുന്ന ജനസേവകേന്ദ്രം അടിച്ചുതകർത്തു. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സംഭവം. കരുമ്പാപൊയിൽ പൂളക്കാം പൊയിൽ സനൽ ആണ് പഞ്ചായത്ത് ഓഫീസിലെത്തി അക്രമിച്ചത്. ഇയാളെ അറസ്റ്റ് ചെയ്തു.
അയൽവാസിക്കെതിരെ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് സനൽ പരാതി നല്കിയിരുന്നു. പ്രസ്തുത പരാതി പരിഹരിക്കുകയും ചെയ്തു. എന്നാൽ പരിഹാരം തനിക്ക് സ്വീകാര്യമല്ല എന്ന് പറഞ്ഞ് ഇന്നലെ മദ്യപിച്ചെത്തിയ പ്രതി പഞ്ചായത്ത് കാര്യാലയത്തിന് മുന്നിൽ പ്രവർത്തിക്കുന്ന ജനസേവാ കേന്ദ്രത്തിലെ ഗ്ലാസുകൾ അടിച്ചുതകർക്കുകയായിരുന്നു. കുടയിൽ ഒളിപ്പിച്ചുവെച്ച കൊടുവാളുമായിട്ടാണ് ഇയാൾ പഞ്ചായത്ത് ഓഫീസിലെത്തിയത്. ജനസേവ കേന്ദ്രത്തിലെ ജീവനക്കാരായ അശ്വതി, ഷൈമലത, പ്രസന്ന എന്നിവർക്ക് പരിക്കേറ്റു. ഇവർ ബാലുശ്ശേരി ആശുപത്രിയിൽ ചികിത്സ തേടി. നാട്ടുകാർ ചേർന്നാണ് ഇയാളെ കീഴടക്കിയത്. തുടർന്ന് ബാലുശ്ശേരി പോലീസ് എത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.