മുക്കം: വാക്സിൻ വിതരണം ഉൾപെടെയുള്ള കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ നിയന്ത്രണം ആരോഗ്യ പ്രവർത്തകരിൽ നിന്ന് രാഷ്ട്രീയക്കാരിലേയ്ക്ക് മാറിതോടെ എങ്ങും പ്രതിഷേധവും രോഷപ്രകടനവും. പ്രധാന ചുമതലകളെല്ലാം തദ്ദേശഭരണ സ്ഥാപനങ്ങളിലേയ്ക്ക് മാറുകയും ആശ വർക്കർമാരടക്കമുള്ള ആരോഗ്യ പ്രവർത്തകർ നിസ്സഹായരാവുകയും ചെയ്തതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ആരോഗ്യ വകുപ്പു ജീവനക്കാരും വകുപ്പിന്റെ ഭാഗമായ ആശ വർക്കർമാരും നിർവഹിച്ചിരുന്ന ചുമതലയാണ് രാഷ്ടീയക്കാരിലേയ്ക്ക് മാറിയത്. ഇതോടെ വാക്സിൻ സ്വീകരിക്കാനുള്ളവരെ കണ്ടെത്തി രജിസ്ടേഷനും ടോക്കണും നൽകി വിതരണ കേന്ദ്രത്തിൽ എത്തിക്കൽ മുതൽ വാക്സിൻ കേന്ദ്രത്തിലെ ഒട്ടുമിക്ക ജോലികളും ചെയ്തിരുന്ന ആശ വർക്കർമാർക്ക് പ്രത്യേകിച്ച് ചുമതലയൊന്നുമില്ലാതായി.

എന്നാൽ ഇവർ രാവിലെ എട്ടര മണി മുതൽ നാലു മണി വരെ കേന്ദ്രത്തിലുണ്ടാവണമെന്നാണ് നിർദ്ദേശം. ഡോക്ടർമാർക്കു പുറമെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, ഹെൽത്ത് ഇൻസ്പക്ടർ, ജൂണിയർ ഹെൽത്ത് ഇൻസ്പക്ടർ, ലേഡി ഹെൽത്ത് ഇൻസ്പക്ടർ എന്നിവരടങ്ങുന്ന സംഘമാണ് വാക്സിൻ വിതരണം കാര്യക്ഷമമായി നടത്തിയിരുന്നത്. കക്ഷിരാഷ്ട്രീയ താത്പര്യങ്ങളുടെ സമ്മർദ്ദമില്ലാതെ ഇവർ നടത്തിയിരുന്ന പ്രവൃത്തി തികച്ചും കക്ഷിരാഷ്ട്രീയം മുൻനിർത്തിയായതോടെ മാറിമറിഞ്ഞു. പഞ്ചായത്തുകളിൽ വാർഡുമെമ്പർമാരും മുൻസിപ്പാലിറ്റികളിൽ ഡിവിഷൻ കൗൺസിലർമാരുമാണ് ഇപ്പോൾ വാക്സിൻ സ്വീകരിക്കാനുള്ളവരെ തീരുമാനിക്കുന്നത്.

ഇവരുടെ സഹായികൾ തികച്ചും രാഷ്ട്രീയ പരിഗണനയിൽ നിയമിതരാവുന്ന ആർ.ആർ.ടി വളണ്ടിയർമാരും. ഈ രാഷ്ട്രീയക്കാരും ഇവരുടെ പക്ഷപാത നടപടിയോടു യോജിപ്പില്ലാത്ത ആരോഗ്യ വകുപ്പു ജീവനക്കാരും തമ്മിലും അർഹതയുള്ളവരെ തഴഞ്ഞ് അനർഹർ കാര്യങ്ങൾ നേടുന്നതിൽ പ്രതിഷേധമുള്ളവരും തമ്മിലുമുള്ള സംഘർഷമാണ് പല കേന്ദ്രങ്ങളിലും പൊട്ടിത്തെറിയിലെത്തുന്നത്. ഒരു വാർഡുമെമ്പറുടെ അധികാര പ്രയോഗത്തിനു വഴങ്ങാത്ത ജൂനിയർ ഹെൽത്ത് ഇൻസ്പക്ടറും മറ്റു ആരോഗ്യ പ്രവർത്തകരുമാണ് കഴിഞ്ഞ ദിവസം കാരശ്ശേരി പഞ്ചായത്തിലെ അള്ളിയിൽ ആക്രമണത്തിനിരയായത്. ഇത്തരം നപടികളാൽ ഡോക്ടർമാരടക്കമുള്ള ആരോഗ്യ പ്രവർത്തകർ അസംതൃപ്തരാണ്.