വടകര: ചോമ്പാല ഹാർബർ പരിസരത്ത് അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സുകളിൽ അടിസ്ഥാന സൗകര്യം ഒരുക്കാത്തതിന് കെട്ടിട ഉടമകൾക്കെതിരെ നടപടിയുമായി അഴിയൂർ ഗ്രാമപഞ്ചായത്ത്. ഇവിടെ താമസിക്കുന്ന ഒറീസക്കാരായ 15 അന്യ തൊഴിലാളികൾക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് പഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നടപടി. ബാത്റൂം സൗകര്യം ഉൾപ്പെടെ മതിയായ സൗകര്യമില്ലാത്ത കെട്ടിടങ്ങളിൽ തൊഴിലാളികളെ താമസിപ്പിച്ചതിന് കെട്ടിട ഉടമകൾക്ക് നോട്ടീസ് നൽകി. അടിസ്ഥാന സൗകര്യമൊരുക്കാത്ത ക്വാർട്ടേഴ്സ് ഉടമകൾക്കെതിരെ നിയമ നടപടി സ്വീകരിക്കും.
ഹാർബർ പരിസരത്തെ ഐസ് ഫാക്ടറിക്കകത്ത് ആസാം സ്വദേശികളായ അഞ്ച് പേരെ താമസിപ്പിച്ച ഫാക്ടറി ഉടമയ്ക്കും നോട്ടീസ് നൽകി. ട്രോളിംഗ് നിരോധനം കഴിഞ്ഞതോടെ ധാരാളം അന്യ സംസ്ഥാന തൊഴിലാളികളാണ് ഹാർബർ പരിസരത്ത് എത്തുന്നത്. ഇവർക്ക് കൊവിഡ് പരിശോധന നടത്താനും പോസിറ്റീവ് ആയവരും പ്രാഥമിക സമ്പർക്കപട്ടികയിൽ ഉളളവരും ഹാർബറിൽ എത്താതിരിക്കാൻ ഫീൽഡ്തല പരിശോധനയിൽ നിർദ്ദേശം നൽകി. കടമുറികളിൽ അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കാൻ പാടില്ല. പരിശോധനയ്ക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, ജെ.എച്ച്.ഐ എൻ.ടി.പ്രദീപൻ, നിഖിൽ രാജ് കാളിയത്ത് തുടങ്ങിയവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.