bjp

​ഫറോക്ക്: ​അരനൂറ്റാണ്ടുകാലം മത്സ്യബന്ധനം സജീവമായിരുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾ തിങ്ങിപാർക്കുന്ന മാറാട് മത്സ്യബന്ധന തുറമുഖം യാഥാർത്ഥ്യമാക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. വി. കെ സജീവൻ ആവശ്യപ്പെട്ടു. 1200 ഓളം പരമ്പരാഗത മത്സ്യത്തൊഴിലാളികളും മുന്നൂറോളം അനുബന്ധ തൊഴിലാളികളും മാറാട് പ്രദേശത്തുണ്ട്. നേരത്തെ മത്സ്യ വ്യാപാരം നടന്ന സ്ഥലത്ത് രണ്ട് ഐസ് പ്ലാന്റുമുണ്ട്. അഞ്ചോളം മത്സ്യ സംസ്കരണ കേന്ദ്രങ്ങൾ ഹാർബർ ഇല്ലാത്തതിനാൽ നശിക്കുകയാണ്. ബേപ്പൂരിൽ മത്സ്യബന്ധന യാനങ്ങൾ വർദ്ധിച്ചതോടെ മത്സ്യം ഇറക്കുന്നതിനും വിപണനം ചെയ്യുന്നതിനും ബുദ്ധിമുട്ടുകയാണ്. മാറാടുളള മുഴുവൻ യാനങ്ങളും അടുപ്പിക്കുന്നതിനും മത്സ്യം ഇറക്കുന്നതിനും അവിടെ സൗകര്യമില്ല. മാറിവരുന്ന സർക്കാരുകൾ പ്രഥമ പരിഗണന നൽകേണ്ട ഹാർബറിനെ അവഗണിച്ചത് പ്രതിഷേധാർഹമാണെന്നും വി.കെ. സജീവൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് നാരങ്ങയിൽ ശശിധരൻ, നിയോജകമണ്ഡലം അദ്ധ്യക്ഷൻ ഷിനു പിണ്ണാണത്ത് എന്നിവരും പങ്കെടുത്തു.