കുറ്റ്യാടി: ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന കുറ്റ്യാടി ടൗണിന് ശാപമോക്ഷം. അനധികൃത പാർക്കിംഗുകൾ നിരോധിച്ചും നിലവിലെ പാർക്കിംഗ് സൗകര്യങ്ങൾ വിപുലപ്പെടുത്തിയുമാണ് ടൗണിന് നവീന മുഖം നൽകുന്നത്. പഞ്ചായത്ത് ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ നിർദ്ദേശമനുസരിച്ച് ഗതാഗതത്തിന് തടസമാകുന്ന തെരുവ് കച്ചവടം ഒഴിപ്പിക്കും. വഴിനീളെ നിറുത്തി ആളുകളെ കയറ്റുന്ന ബസുകളുടെ 'ദുഃശ്ശീലം' ഇനിയുണ്ടാവില്ല. കുറ്റ്യാടി ഫോറസ്റ്റ് ഓഫീസ് മുതൽ മരുതോങ്കര റോഡ് ഗ്യാലക്സി ഹൈപ്പർ മാർക്കറ്റ് വരെയും പൊലീസ് സ്റ്റേഷൻ മുതൽ തൊട്ടിൽപ്പാലം റോഡ് പെട്രോൾപമ്പ് വരെയും എല്ലാവിധ പാർക്കിംഗുകളും നിരോധിച്ചു.
കുറ്റ്യാടി പഞ്ചായത്തും പോലീസും സംയുക്തമായി വിളിച്ച പഞ്ചായത്ത് ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് ഒ.ടി. നഫീസ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.കെ. മോഹൻദാസ്, എസ്.ഐ. സി.ആർ. ബിജു, വാർഡംഗം എ.സി. അബ്ദുൽമജീദ് തുടങ്ങിയവർ പങ്കെടുത്തു.
പരിഷ്ക്കാരങ്ങൾ, നിർദ്ദേശങ്ങൾ
ടൗണിലെ പാർക്കിംഗ് സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ സ്ഥലം ഉടമകളുമായി ചർച്ച
പഴയ ബസ് സ്റ്റാൻഡിൽ പാർക്കിംഗ് ക്രമീകരണം
നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിക്കാൻ സ്‌പോൺസർമാരെ കണ്ടെത്തും.
താലൂക്ക് ആശുപത്രി പരിസരത്ത് ഒരു സമയം ഒരു ആംബുലൻസ് മാത്രം
കടകളുടെ ബോർഡുകൾ നടപ്പാതകളിലും റോഡിലും ഇറക്കിവെക്കാൻ പാടില്ല
ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്ന തെരുവ് കച്ചവടത്തിന് നിയന്ത്രണം
വാഹനങ്ങളിലെ കച്ചവടം നിയന്ത്റിക്കും
പുതിയ ബസ് സ്റ്റാൻഡിൽനിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ബസുകൾ പൊലീസ് സ്റ്റേഷനടുത്തുള്ള സ്റ്റോപ്പിൽ നിർത്തി ആളെ കയറ്റണം.
സമീപറോഡുകൾ ബൈപ്പാസ് റോഡുകളാക്കി ഉപയോഗിക്കാൻ സൂചന ബോർഡുകൾ സ്ഥാപിക്കും.