കുറ്റ്യാടി: പിടിവിടാതെ കൊവിഡ് വ്യാപനം തുടരുമ്പോൾ ദിവസങ്ങൾ തള്ളിനീക്കാൻ പാടുപെടുകയാണ് ഗ്രാമീണ മേഖലയിലെ വഴിയോര കച്ചവടക്കാരും സഹായികളും. ഇളവിന്റെ ആശ്വാസം കിട്ടാതെ കച്ചവടം മുടങ്ങുമ്പോൾ മിക്കവരുടെയും വീടുകളിൽ അർദ്ധപ്പട്ടിണിയാണ്. കടുപ്പിച്ച നിയന്ത്രണങ്ങളില്ലാത്ത ഇടങ്ങളിലാകട്ടെ കച്ചവടം സാധാരണ മട്ടിലേക്ക് എത്തുന്നുമില്ല.
വർഷങ്ങളായി വഴിയോര കച്ചവടം ഉപജീവനമാർഗമായുള്ള ഒട്ടനവധി പേരുണ്ട് മലയോര മേഖലകളിലുൾപ്പെടെ. ഇവരിൽ നല്ലൊരു പങ്കും ബദൽമാർഗം കണ്ടെത്താനാവാകെ വിഷമിക്കുകയാണ്. ഇനി ഓണക്കാലത്ത് പോലും ഇറങ്ങാനാവില്ലേ എന്ന ആശങ്കയിലാണ് ഇവരൊക്കെയും.
തെരുവോര കച്ചവടക്കാരിൽ ബഹുഭൂരിപക്ഷവും പച്ചക്കറി - പഴവർഗ വില്പനക്കാരാണ്. ഷോപ്പുകളിലെ നിരക്കിനെ അപക്ഷേിച്ച് ഇവരുടെ നിരക്ക് കുറയുമെന്നതുകൊണ്ടു തന്നെ ആവശ്യക്കാർക്ക് പഞ്ഞമില്ലെന്നതിനാൽ ഓരോ ദിവസവും എടുക്കുന്ന സ്റ്റോക്ക് അന്നന്ന് തന്നെ വിറ്റഴിക്കാൻ കഴിയാറുണ്ട്. പക്ഷേ, കൊവിഡിന്റെ വരവിനു പിന്നാലെ എല്ലാം തകിടം മറിയുകയായിരുന്നു. കഴിഞ്ഞ ഒന്നര വർഷത്തോളമായി മുട്ടിയും മുടന്തിയും നീങ്ങുന്ന അവസ്ഥയിലായി ഇവർ.
പൊതുവെ കടകളിൽ ലഭിക്കാത്ത ഉത്പന്നങ്ങളുടെ കച്ചവടക്കാരുമുണ്ട് കൂട്ടത്തിൽ. അന്യസംസ്ഥാനങ്ങളിൽ നിന്നു എത്തിക്കുന്നതായിരിക്കും ഇത്തരക്കാരുടെ സ്റ്റോക്ക്. കനത്ത കൊവിഡ് നിയന്ത്രണം വന്നതോടെ വില്പനയ്ക്ക് വിലക്ക് വന്നതോടെ വലിയ നഷ്ടം നേരിടുകയാണെന്ന് ഇവർ പറയുന്നു.
സമ്പൂർണ ലോക്ക് ഡൗൺ മേഖലകളിലുള്ളവർക്ക് സന്നദ്ധസംഘടനകളും മറ്റും വല്ലപ്പോഴുമായി എത്തിച്ചു നൽകുന്ന കിറ്റുകളും ഭക്ഷണസാധനങ്ങളുമൊക്കെയാണ് തെല്ലെങ്കിലും ആശ്വാസം. അപ്പോഴും കുട്ടികളടക്കം വീട്ടിലുള്ളവരുടെ മറ്റു ആവശ്യങ്ങളും ചികിത്സാ ചെലവ് പോലെ ഒഴിവാക്കാനാവാത്ത ആവശ്യങ്ങളും നടത്താനാവാതെ വലയുന്നു.