കൊയിലാണ്ടി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ അഭിമാനകരമായ നേട്ടം കൈവരിച്ച കൊയിലാണ്ടി ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിന് പ്രത്യേക ഉപഹാരം നൽകി നഗരസഭ ആദരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഗവൺമെന്റ് സ്‌കൂളുകളിൽ എ.പ്ലസ് നിലവാരത്തിൽ ഒമ്പതാം സ്ഥാനമാണ് ഈ വിദ്യാലയത്തിനുള്ളത്. പരീക്ഷയെഴുതിയ 396 കുട്ടികളും വിജയിച്ചിരുന്നു.
തുടർച്ചയായി അഞ്ചാം തവണയും നൂറു ശതമാനം വിജയം നേടിയ ഈ വിദ്യാലയത്തിലെ രണ്ടിലൊന്ന് കുട്ടികൾക്ക് എല്ലാ വിഷയത്തിലും എ. പ്ലസ് നേടാൻ കഴിഞ്ഞത് ശ്രദ്ധേയമാണ്. 219 കുട്ടികൾ സമ്പൂർണ്ണ എ. പ്ലസ് നേടി. 48 വിദ്യാർത്ഥിനികൾക്ക് 9 വിഷയങ്ങൾക്കും 18 വിദ്യാർത്ഥിനികൾക്ക് 8 വിഷയങ്ങൾക്കും എ. പ്ലസ് ഉണ്ട്. തികച്ചും ഗ്രാമീണമായ സാധാരണ കുടുംബത്തിൽ നിന്നും കടലോര മേഖലയിൽ നിന്നും വരുന്ന കുട്ടികളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത്.
പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയമാണ് സ്‌കൂളിൽ ഉള്ളത്. പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1200 മാർക്കും ലഭിച്ച് വിജയിച്ച ശ്രീനന്ദ ബി നഗരസഭയിൽ ഈ നേട്ടം കൈവരിച്ച ഏക വിദ്യാർത്ഥിനിയാണ്. 30 സമ്പൂർണ എ.പ്ലസോടെ 94 ശതമാനം വിജയമാണ് ഇത്തവണയുള്ളത്.
കൗൺസിലിംഗ് ക്ലാസുകൾ, വിഷയാധിഷ്ഠിത ക്യാമ്പുകൾ, പഠന പിന്നാക്ക പരിഹാര ക്ലാസുകൾ, പിയർ ഗ്രൂപ്പ് പഠനം, വിവിധ ഘട്ടങ്ങളിലായി നടന്ന ഓൺലൈൻ മൂല്യനിർണയ പ്രവർത്തനങ്ങൾ, അതിഥി അദ്ധ്യാപക ക്ലാസുകൾ എന്നിവ കൊവിഡ് കാലത്തും സംഘടിപ്പിച്ചതാണ് സ്‌കൂളിന് നേട്ടമായത്.
നഗരസഭയുടെയും പി.ടി.എ, എസ്.എസ്.ജി എന്നിവയുടെയും സഹായസഹകരണങ്ങൾ സ്‌കൂളിന് യഥാസമയം ലഭിക്കാറുണ്ട്. ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് നഗരസഭയിലെ മികച്ച വിദ്യാലയത്തിനുള്ള ഉപഹാരം നഗരസഭ ചെയർപേഴ്സൺ കെ.പി.സുധ സ്‌കൂളിനു സമർപ്പിച്ചു. നഗരസഭാ വൈസ് ചെയർമാൻ കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി നഗരസഭാംഗങ്ങളായ പി.പ്രജിഷ, വി.രമേശൻ, എ.അസീസ്, എസ്.എസ്.ജി കൺവീനർ എം.എം ചന്ദ്രൻ,പി.ടി.എ. പ്രസിഡന്റ് പി.പി രാധാകൃഷ്ണൻ, മുൻ പ്രധാനാദ്ധ്യാപകൻ സി.സരേന്ദ്രൻ, പ്രിൻസിപ്പാൾ എ.പി.പ്രബീത്, പ്രധാനാദ്ധ്യാപിക എം.കെ.ഗീത എന്നിവർ സംസാരിച്ചു.