കോഴിക്കോട്: കൊവിഡ് കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിക്കുന്നതിനു മുമ്പ് നേരത്തെയെന്ന പോലെ ജില്ലാ ഭരണകൂടം അതാതിടത്തെ ആർ.ആർ.ടികളുമായി ചർച്ച ചെയ്യണമെന്ന് മേയർ ബീന ഫിലിപ്പ് അവതരിപ്പിച്ച പ്രമേയത്തിലൂടെ കോ‌ർപ്പറേഷൻ കൗൺസിൽ യോഗം അഭ്യർത്ഥിച്ചു. കൂടിയാലോചനയില്ലാതെ സോൺ പ്രഖ്യാപനത്തിന് മുതിരരുത്.

കോർപ്പറേഷനിലെ കണ്ടെയ്മെന്റ് സോൺ പ്രഖ്യാപവും ടി.പി.ആർ അനുസരിച്ചുള്ള നിയന്ത്രണവും നഗരത്തിൽ വ്യാപകമായി പരാതിയ്ക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് കൗൺസിലിന്റെ പ്രമേയം.
ആദ്യതരംഗ വേളയിൽ വാർ‌ഡ് ആർ.ആർ.ടികളുമായി കൂടിയാലോചിച്ചായിരുന്നു കണ്ടെയ്ൻമെന്റ് സോണും മൈക്രോ കണ്ടെയ്ൻമെന്റ് സോണും പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അത് നടക്കുന്നില്ല.ഇന്ന് ജില്ല കളക്ടർ പങ്കെടുക്കുന്ന യോഗത്തിൽ ഇക്കാര്യം ഉന്നയിക്കും.

കൊവിഡ് ടെസ്റ്റ് നടത്തുമ്പോൾ തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തുന്നത് മൂലം പരിധിയ്ക്ക് പുറത്തുള്ള പോസിറ്റീവ് കേസുകളും നഗരസഭയുടെ കണക്കിൽ വരുന്നുണ്ട്. കണ്ടെയ്ൻമെന്റ് സോണുകൾ കൂടാൻ ഇതും കാരണമാകുന്നു. ഓരോ വാർഡിലും എത്ര കൊവിഡ് രോഗികൾ ഉണ്ടെന്ന ആർ.ആർ.ടിയുടെ കണക്കുകളും ജില്ല ഭരണകൂടത്തിന്റെ കണക്കുകളും തമ്മിൽ വലിയ അന്തരമാണിപ്പോൾ.

ഒരേ സമയം തന്നെ കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിച്ചുള്ള നിയന്ത്രണവും ടി.പി.ആർ അടിസ്ഥാനത്തിലുള്ള നിയന്ത്രണവും വരുന്നത് വലിയ ആശയക്കുഴപ്പങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇത് ഒഴിവാക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രതിപക്ഷത്ത് നിന്ന് കെ.പി രാജേഷ്‌കുമാർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നെങ്കിലും വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് മേയർ തന്നെ പ്രമേയമായി അവതരിപ്പിക്കുകയായിരുന്നു. മുഴുവൻ കൗൺസിലർമാരും പ്രമേയത്തെ പിന്തുണച്ചു. മൈക്രോ കണ്ടെയ്മെന്റ് സോണാണ് കൂടുതൽ ഫലപ്രദമെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് പറഞ്ഞു.

 വാക്സിൻ ലഭ്യത: തർക്കം

ഒഴിവാക്കണമെന്ന് മേയർ

കോർപ്പേഷനിൽ വാക്സിൻ ലഭ്യതയിൽ കാര്യമായ കുറവുണ്ടെന്ന് മേയർ ബീന ഫിലിപ്പ് പറഞ്ഞു. എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുന്നതിനുള്ള ശ്രമത്തിലാണ് കോർപ്പേറഷൻ. ചെറിയ തർക്കങ്ങൾ വലിയ പ്രശ്നങ്ങളായി മാറരുത്.

വാക്സിനേഷന് ആളുകളെ തിരഞ്ഞെടുക്കുന്നത് പരാതിയ്ക്ക് ഇടയാക്കുന്നുണ്ടെന്നു ഭരണപക്ഷത്തു നിന്ന് ഒ.സദാശിവൻ ശ്രദ്ധ ക്ഷണിച്ചു. തിരഞ്ഞെടുപ്പ് പ്രയാസമേറിയതാണെങ്കിലും പ്രശ്നങ്ങൾ പരമാവധി പരിഹരിച്ച് പോവുകയാണെന്ന് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ എസ്. ജയശ്രീ വ്യക്തമാക്കി.

വാക്സിൻ വിതരണത്തിൽ കൗൺസിലർമാർ ഇടപെടരുതെന്ന് നികുതി അപ്പീൽ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.കെ. നാസർ പറഞ്ഞു.