1

കോഴിക്കോട്: പ്രവർത്തനത്തിൽ കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനൊപ്പം ജനകീയമുഖം ഉറപ്പാക്കാൻ കൂടി ലക്ഷ്യമിട്ട് കോഴിക്കോട് കോർപ്പറേഷനിൽ ഭരണ പരിഷ്‌കാര കമ്മി​റ്റിയായി. മൂന്ന് മാസത്തിനകം കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കും. കൗൺസിൽ യോഗ നടപടികളുടെ ബൈലോ പുതുക്കാനും ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ തീരുമാനമായി.

നഗരസഭാ സെക്രട്ടറി കൺവീനറായുള്ള കമ്മിറ്റിയിൽ ഡെപ്യൂട്ടി സെക്രട്ടറി, ഐ.ഐ.എം പ്രതിനിധി, ഐ.എം.ജി പ്രതിനിധി, റിട്ട. ഡെപ്യൂട്ടി സെക്രട്ടറി അബ്ദുൾ ജബ്ബാർ, റിട്ട. പ്ലാനിംഗ് ഓഫീസർ എൻ.വി. സുജിത്, റിട്ട.ടൗൺ പ്ലാനർ ജയൻ, റിട്ട. എൻജിനിയർ മുഹമ്മദ് അഷ്‌റഫ് എന്നിവരാണ് അംഗങ്ങൾ.

കോർപ്പറേഷനിലെ പർച്ചേസ് നടപടികൾ സുതാര്യമാക്കാൻ പ്രൊക്യൂർമെന്റ് കമ്മി​റ്റി പുന:സംഘടിപ്പിക്കും. ജനങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള ഓഫീസ് സംവിധാനമാണ് ഉദ്ദേശിക്കുന്നതെന്ന് ഡെപ്യൂട്ടി മേയർ സി.പി.മുസഫർ അഹമ്മദ് പറഞ്ഞു. പൂർണമായി പ്രാദേശിക സ്വയംഭരണ സ്ഥാപനമായി കോർപ്പറേഷനെ മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബൈലോ പരിഷ്‌കരിക്കുന്നതിന് നടപടി സ്വീകരിക്കാൻ കൗൺസിലർ എം.പി. സുരേഷ് ചെയർമാനും കോർപ്പറേഷൻ സെക്രട്ടറി കൺവീനറുമായി കമ്മിറ്റി രൂപീകരിച്ചു. പി.ദിവാകരൻ, പി.കെ നാസർ, അഡ്വ. ജംഷീർ, എൻ.സി മോയിൻകുട്ടി, കെ.സി ശോഭിത, കെ. മൊയ്തീൻകോയ, ടി.രനീഷ്, വി.പി ഉണ്ണികൃഷ്ണൻ എന്നിവരാണ് അംഗങ്ങൾ.

മൂര്യാട് പാലം മുതൽ കോതി പാലം വരെ കല്ലായി പുഴയിലെ മണ്ണും ചെളിയും നീക്കം ചെയ്യുന്ന പ്രവൃത്തിയുടെ ഭാഗമായി പുഴയുടെ അടിത്തട്ടിലുള്ള മരത്തടികൾ നീക്കം ചെയ്യും. പുഴയിലെ മരങ്ങൾ നഗരസഭ ഏറ്റെടുത്ത് ലേലം ചെയ്യുന്നതിന് കൗൺസിൽ യോഗം അനുമതി നൽകി. ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റിലേക്ക് 7.5 കോടി രൂപ ഡെപ്പോസിറ്റ് ചെയ്താണ് പ്രവൃത്തി ഏറ്റെടുക്കുന്നത്. മരം ലേലം ചെയ്യാനായി പരസ്യം നൽകിയിട്ടുണ്ടെന്നും ഉടമസ്ഥാവകാശത്തിന് ഇതുവരെ ആരും വന്നിട്ടില്ലെന്നും മേയർ ഡോ.ബീന ഫിലിപ്പ് പറഞ്ഞു.

പെഗാസസ് ചോർത്തലിൽ ജുഡിഷ്യൽ അന്വേഷണം നടത്തണമെന്ന് കൗൺസിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ലീഗിലെ കെ. മൊയ്തീൻ കോയയുടെ അവതരിപ്പിച്ച പ്രമേയം ബി.ജെ.പി അംഗങ്ങളുടെ എതിർപ്പിനെ തുർന്ന് വോട്ടിനിട്ടാണ് അംഗീകരിച്ചത്.

കേന്ദ്ര സഹകരണ മന്ത്റാലയം രൂപീകരിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്ന സി.പി.എമ്മിലെ വി.കെ മോഹൻദാസ്ന്റെ പ്രമേയവും ബി.ജെ.പി എതിർപ്പിനെ തുടർന്ന് വോട്ടെടുപ്പിലൂടെ പാസാക്കി.