കോഴിക്കോട് : ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സ്പെഷ്യൽ എംപ്ലോയ്മെന്റ് ഓഫീസ് ഭിന്നശേഷിക്കാരെ വലയ്ക്കുന്ന കേന്ദ്രമാകുന്നു. സിവിൽ സ്റ്റേഷനിലെ മൂന്ന് ബ്ലോക്കുകൾ കഴിഞ്ഞ് ദൂരെയുള്ള ഇടുങ്ങിയ മുറിയിലാണ് സ്പെഷ്യൽ എംപ്ലോയ്മെന്റ് ഓഫീസ് പ്രവർത്തിക്കുന്നത്. ഭിന്നശേഷിക്കാർക്ക് അവിടെ എത്തണമെങ്കിൽ ബുദ്ധിമുട്ട് ചില്ലറയൊന്നുമല്ല. സിവിൽ സ്റ്റേഷനിലെ പലർക്കുമറിയില്ല ഇങ്ങനെയൊരു ഓഫീസ് ഇവിടെ പ്രവർത്തിക്കുന്ന കാര്യം. എന്നാൽ ഭിന്നശേഷിക്കാരുടെ വൈകല്യ ലോൺ തിരിച്ചടക്കാൻ ഈ ഓഫീസിൽ തന്നെ എത്തണമെന്നാണ് അധികൃതരുടെ കടുംപിടുത്തം.
കഴിഞ്ഞ ദിവസം രാവിലെ 9 മണിക്ക് സിവിൽ സ്റ്റേഷനിൽ എത്തിയ കാഴ്ചാ വൈകല്യമുളള പ്രഭാകരൻ എന്ന യുവാവ് പലരോടും ഓഫീസ് അന്വേഷിച്ചെങ്കിലും കൃത്യമായ സ്ഥലം പറഞ്ഞു കൊടുക്കാൻ ആർക്കുമറിയില്ല. രണ്ട് മണിക്കൂർ കറങ്ങിയിട്ടും ഓഫീസ് കണ്ടെത്താനാകാത്തതിന്റെ നിരാശയോടെ മടങ്ങുമ്പോഴാണ് വികലാംഗർ അസോസിയേഷൻ ജനറൽ സെക്രട്ടറി മടവൂർ സൈനുദ്ദീൻ കാണുന്നത്. അദ്ദേഹം പ്രഭാകരനെ ഓഫീസിൽ എത്തിക്കുകയായിരുന്നു. ഭിന്നശേഷിക്കാരുടെ പ്രയാസം കണക്കിലെടുത്ത് സിവിൽ സ്റ്റേഷനിൽ ആദ്യത്തെ ബ്ലോക്കിൽ സ്പെഷ്യൽ എംപ്ലോയ്മെന്റ് ഓഫീസ് മാറ്റണമെന്നും വൈകല്യ ലോൺ ഓഫീസിൽ തന്നെ അടക്കണമെന്ന നിബന്ധന ഒഴിവാക്കി അടുത്തുളള ബാങ്കിൽ അടക്കാൻ സൗകര്യമൊരുക്കണമെന്നും അസോസിയേഷൻ ജനറൽ സെക്രട്ടറി മടവൂർ സൈനുദ്ദീൻ ആവശ്യപ്പെട്ടു.