con

കോഴിക്കോട്: വിവിധ വകുപ്പുകൾക്കു കീഴിലായുള്ള മുഴുവൻ നിർമ്മാണപ്രവൃത്തികളും പെട്ടെന്ന് പൂർത്തീകരിക്കാൻ ജില്ലാ വികസന സമിതി യോഗം ജില്ലാതല മേധാവികൾക്ക് നിർദ്ദേശം നൽകി.

അംബേദ്കർ ഗ്രാമം കോളനി പദ്ധതിയിൽ ഉൾപ്പെട്ട പ്രവൃത്തികൾ അതിവേഗത്തിൽ പൂർത്തിയാക്കണമെന്നും കോളനികളുടെ പുനരുദ്ധാരണം നീണ്ടുപോവരുതെന്നും ടി.പി.രാമകൃഷ്ണൻ എം.എൽ.എ ചൂണ്ടിക്കാട്ടി. വിവിധ വകുപ്പുകൾ ഏറ്റെടുത്ത പദ്ധതികളിൽ കാലതാമസം വരാതെ നോക്കേണ്ടതുണ്ടെന്ന് കളക്ടർ ഡോ.എൻ. തേജ് ലോഹിത് റെഡ്ഡി ഓർമ്മിപ്പിച്ചു.
മുക്കം പൊലീസ് സ്റ്റേഷന് മുന്നിലുള്ള വാഹനങ്ങൾ മാറ്റാൻ അടിയന്തരനടപടി വേണമെന്ന് ലിന്റോ ജോസഫ് എം.എൽ.എ പറഞ്ഞു. റോഡ് നിർമ്മാണ പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കാൻ യോഗത്തിൽ തീരുമാനമായി. സർവേ നടപടികൾക്കും വേഗം ഉറപ്പാക്കും. പൊതുസ്ഥലങ്ങളിൽ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങൾ നീക്കുന്നത് കാര്യക്ഷമമായി നടപ്പാക്കണം.

കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന സ്ഥലങ്ങളിൽ കർശനനിയന്ത്രണം കൊണ്ടുവരും. വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം സുഗമമാക്കാൻ ഇന്റർനെറ്റ് വേഗത വർദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ഇതിനായി സേവന ദാതാക്കളുടെ യോഗം വിളിക്കും.
എം.എൽ.എമാരായ അഡ്വ.പി.ടി.എ റഹീം, കാനത്തിൽ ജമീല, തോട്ടത്തിൽ രവീന്ദ്രൻ, കെ.പി.കുഞ്ഞമ്മദ് കുട്ടി, കെ.കെ രമ, എ.ഡി.എം ഇൻ ചാർജ് ഷാമിൻ സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദൻ, ജില്ലാ പൊലീസ് മേധാവി എ.വി.ജോർജ്, ജില്ലാ പ്ലാനിംഗ് ഓഫീസർ ടി.ആർ.മായ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.