കോട്ടയം: റബറിന് 250 രൂപ താങ്ങുവിലയെന്ന പ്രകടനപത്രികയിലെ ഉറപ്പ് കുറുപ്പിന്റെ ഉറപ്പ് പോലായി.
വിലസ്ഥിരതാ ഫണ്ടിൽ നിന്ന് ഒരു വർഷത്തെ കുടിശിക ഇനത്തിൽ നൂറ് കോടിയോളം രൂപ കർഷകർക്ക് ലഭിക്കാനുമുണ്ട്. കൊവിഡ് വ്യാപനത്തിൽ വിപണിയും തകർന്നതോടെ ലാഭകരമായി കൃഷി മുന്നോട്ടു കൊണ്ടു പോകാൻ കഴിയാതെ എന്റെ റബറേ ..എന്ന് വിളിച്ച് കരയാനേ പതിനഞ്ചു ലക്ഷത്തോളം വരുന്ന ചെറുകിട കർഷകർക്ക് കഴിയുന്നുള്ളൂ.
ആർ.എസ്.എസ് നാലാം ഗ്രേഡിന് കിലോയ്ക്ക് 170 രൂപക്കപ്പുറം സമീപകാലത്ത് വില ഉയർന്നിട്ടില്ല. ഇപ്പോഴത്തെ വില 160- 165 രൂപയാണ്. പൊതു വിപണി വിലയുമായി തട്ടിച്ചു നോക്കി കർഷകരെ രക്ഷിക്കാൻ 150 രൂപയായിരുന്നു സബ്സിഡി നിരക്കായി സർക്കാർ നിശ്ചയിച്ചത്. വില താഴ്ന്നപ്പോൾ കർഷകർക്ക് സബ്സിഡി നേട്ടമായിരുന്നു. സബ്സിഡി നിരക്കിലും റബർ വില ഉയർന്നതോടെ നേട്ടം സർക്കാരിനായി . സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് ഒരു വർഷത്തെ കുടിശികയും കൊടുക്കാതെ കർഷകരെ കബളിപ്പിക്കുകയുമാണ്.
കൊവിഡും ലോക് ഡൗണുമെല്ലാം ചേർന്ന് റബർ കർഷകരുടെ നടുവൊടിക്കുന്നതിനിടെ വലിയ പ്രതീക്ഷയോടെയാണ് കർഷകർ ബഡ്ജറ്റിനെ കണ്ടത്. റബറിന്റെ വിലസ്ഥിരതാ ഫണ്ടിന്റെ കുടിശികയ്ക്ക് ഒപ്പം താങ്ങുവില ഉയർത്തുമെന്നും പ്രതീക്ഷിച്ചു. എന്നാൽ ഒരു രൂപ താങ്ങുവില കൂട്ടാൻ സർക്കാർ തയ്യാറായില്ല പഴയ കുടിശിക നൽകാൻ 50 കോടി രൂപയാണ് വകയിരുത്തിയത് .
ഒരു കിലോ റബർ ഉത്പ്പാദിപ്പിക്കാൻ 170 രൂപ ചെലവ് വരുമെന്നാണ് റബർ ബോർഡിന്റെ കണക്ക്. ഉത്പാദനം കുറവായ മാസങ്ങളിൽ ചെലവ് കൂടും. ഇപ്പോഴത്തെ കുറഞ്ഞ വിലയിലും കൂടുതലാണ് കൃഷി ചെലവ്. നഷ്ടം സഹിച്ച് എത്രനാൾ കൃഷി മുന്നോട്ടു കൊണ്ടു പോകുമെന്നാണ് കർഷകരുടെ ചോദ്യം. താങ്ങുവില ഉയർത്തിയാൽ നേട്ടമായേനേ.
റബറിന്റെ രാഷ്ട്രീയം എന്നും ഉയർത്തിപ്പിടിക്കുന്ന പാർട്ടികളും പ്രതിപക്ഷവും ഇക്കാര്യത്തിൽ നിശബ്ദത പാലിക്കുകയാണെന്നാണ് കർഷകരുടെ പരാതി.
വാഗ്ദാനം 250 രൂപ
തങ്ങൾ അധികാരത്തിൽ വന്നാൽ റബറിന് 250 രൂപ കിലോയ്ക്ക് നൽകുമെന്ന് ഇടതു മുന്നണിയും യു.ഡി.എഫും പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു. റബറിന്റെ താങ്ങുവില ഉയർത്താത്ത ബഡ്ജറ്റിനെതിരെ ശക്തമായി പ്രതികരിക്കാൻ പ്രതിപക്ഷവും തയ്യാറായില്ല. കോട്ടയത്ത് റബർ ബോർഡ് ആസ്ഥാനത്തിനു മുന്നിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ല വഴിപാട് സമരത്തിനപ്പുറം മുന്നോട്ടു പോകാൻ പ്രതിപക്ഷത്തിനു കഴിഞ്ഞില്ല.
പരമാവധി വില: 170
ഇപ്പോഴത്തെ വില 160
സബ്സിഡി നിരക്ക് 150
'റബറിന് മുടക്കുമുതലനുസരിച്ച് വിലയില്ല. ടാപ്പിംഗ് തൊഴിലാളിക്ക് കൊടുക്കുന്ന കാശ് ലാഭിക്കാൻ വെട്ടാതിരിക്കുന്നതാണ് നേട്ടം. സബ്സിഡി കുടിശികയുമില്ല, താങ്ങുവില ഉയർത്തലുമില്ല . റബറിന്റെ പേരിൽ ജന്മമെടുത്ത പാർട്ടികൾ പോലും നിശബ്ദത പാലിക്കുകയാണ് . ആത്മഹത്യയല്ലാതെ കർഷകർക്ക് മുന്നിൽ മറ്റു മാർഗമില്ല'
മത്തായി ചാക്കോ,
ചെറുകിട റബർ കർഷകൻ പാലാ