ചങ്ങനാശേരി: ആലപ്പുഴ-ചങ്ങനാശേരി റോഡ് വികസനത്തിന്റെ ഭാഗമായി എസി റോഡിന്റെ തുടക്കത്തിലുള്ള പാറയ്ക്കൽ കലുങ്ക് ഭാഗത്ത് പുതിയ പാലം നിർമിക്കുന്നതിനുള്ള പൈലിംഗ് ജോലികൾ ആരംഭിച്ചു. ഇരുപത് മീറ്റർ നീളമുള്ള പാലത്തിന് 14 മീറ്റർ വീതിയും റോഡ് നിരപ്പിൽ നിന്നും പാലത്തിന് ഒന്നരമീറ്റർ ഉയരവുമുണ്ടാകും. റോഡ് ഗതാഗതത്തിന് തടസ്സമുണ്ടാക്കാതെയാണ് പൈലിംഗ് ജോലികൾ നടത്തുന്നത്.
നിലവിലുള്ള പാറയ്ക്കൽ കലുങ്ക് പൊളിക്കമ്പോൾ ഗതാഗതം തടസപ്പെടാതിരിക്കാൻ റോഡിനോട് ചേർന്ന് കനാലിൽ മരക്കുറ്റികൾ സ്ഥാപിച്ച് താത്ക്കാലിക റോഡ് സംവിധാനവും സജ്ജമാക്കിവരികയാണ്. റോഡ് നിർമാണ കരാർ ഏറ്റെടുത്ത് നടത്തുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്‌ടേഴ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റി തയ്യാറാക്കിയ പാറയ്ക്കൽ പാലത്തിന്റെ ഡിസൈൻ പദ്ധതിയുടെ കൺസൾട്ടന്റും കെഎസ്ടിപിയും അംഗീകാരം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പാലം നിർമാണ ജോലികൾക്കു തുടക്കം കുറിച്ചത്.
ഡിസൈൻ അംഗീകരിച്ച ആലപ്പുഴ കളർകോട് പാലം നിർമാണമാണ് അടുത്തതായി ആരംഭിക്കുന്നത്. പത്തുമീറ്റർ നീളത്തിൽ നിർമിക്കുന്ന പാലത്തിന് 14 മീറ്റർ വീതിയുണ്ടാകും. ഈ രണ്ടു പാലങ്ങൾ ഉൾപ്പെടെ ആകെ 13 ചെറുപാലങ്ങളാണ് ആലപ്പുഴ റോഡിൽ പുതുതായി നിർമിക്കുന്നത്. കുട്ടനാട്,അമ്പലപ്പുഴ, ചങ്ങനാശേരി എം.എൽ.എമാരുടെ യോഗത്തിൽ മനയ്ക്കച്ചിറ കലുങ്ക് പൊളിച്ച് പാലം നിർമിക്കണമെന്ന് ജോബ് മൈക്കിൾ എം.എൽ.എ ആവശ്യപ്പെട്ടിരുന്നു. 24.16 കിലോ മീറ്റർ ദൂരം വരുന്ന ആലപ്പുഴ-ചങ്ങനാശേരി റോഡ് 13 മീറ്റർ വീതിയിലാണ് നിർമിക്കുന്നത്. റോഡിലെ ടാറിംഗിനു പത്തുമീറ്റർ വീതി ലഭിക്കും. റോഡിന്റെ ഇരുവശങ്ങളിലും ഒന്നരമീറ്റർ വീതിയിൽ ഇന്റർലോക്ക് പാകിയ നടപ്പാതയും ഡിസൈനിൽ വിഭാവനം ചെയ്തിട്ടുണ്ട്.