കോട്ടയം : തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയ്ക്കും കുടുംബത്തിനും വധഭീഷണി കത്തയച്ച സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തു. വീട്ടിലെത്തി ഇന്നലെ മൊഴിയും രേഖപ്പെടുത്തി. തിരുവഞ്ചൂർ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എ.ഡി.ജി.പിയുടെ നിർദ്ദേശത്തെ തുടർന്നാണ് പൊലീസ് കേസെടുത്തത്. വെസ്റ്റ് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ 11 ഓടെയാണ് മൊഴി രേഖപ്പെടുത്തിയത്. എം.എൽ.എ ഹോസ്റ്റലിലെ വിലാസത്തിലാണ് ഊമക്കത്ത് ലഭിച്ചത്. 10 ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കിൽ ഭാര്യയെയും മക്കളെയും ഉൾപ്പെടെ വകവരുത്തുമെന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്. ക്രിമിനൽ പട്ടികയിൽപ്പെടുത്തിയതിന്റെ പ്രതികാരമാണെന്നും കത്തിൽ എഴുതിയിട്ടുണ്ട്. കോഴിക്കോടു നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്.
നിർഭയമായ പൊതുപ്രവർത്തനം തുടരും
നിർഭയമായ പൊതുപ്രവർത്തനം തുടരുമെന്നും ഭീഷണിയെ ഗൗരവമായി തന്നെയാണ് കാണുന്നതെന്നും തിരുവഞ്ചൂർ പറഞ്ഞു. ജനങ്ങൾ തരുന്നതിനെക്കാൾ വലിയ സംരക്ഷണം വേറെ ഇല്ല. അതിനാലാണ് പൊലീസ് സംരക്ഷണം വേണ്ടെന്നു പറഞ്ഞത്. സംസ്ഥാന സർക്കാർ അന്വേഷണം നടത്തുന്നതിൽ പ്രതീക്ഷയുണ്ട്. ടി.പി കേസ് പ്രതികളുടെ പങ്ക് സർക്കാർ അന്വേഷിക്കട്ടെ. ജയിലിൽ നിന്ന് നടന്ന നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.