വൈക്കം: കാത്തിരിപ്പിനൊടുവിൽ വെച്ചൂർ പുത്തൻകായൽ തുരുത്തിലെ വൈദ്യുതി പുനസ്ഥാപിച്ചു. കഴിഞ്ഞ ഏപ്രിലിൽ പുത്തൻകായൽ തുരുത്തിലെ അഞ്ചാം ബ്ലോക്കിലെ 150 ഏക്കർ വിസ്തൃതിയുള്ള കൃഷിയിടത്തിൽ ഹോംസ്റ്റേയും ഒരു ചെറുകിട ഓയിൽ മില്ലും പ്രവർത്തിക്കുന്നുണ്ടെന്നരോപിച്ച് കെ.എസ്.ഇ.ബി അധികൃതർ വൈദ്യുതി വിച്ഛേദിക്കുകയായിരുന്നു. ഹോംസ് റ്റേയ്ക്കു കെമേഴ്‌സ്യൽ നിരക്കിൽ വർഷങ്ങളായി ചാർജ് ഒടുക്കി വന്നിരുന്നതാണ്. ചെറുകിട ഓയിൽ മില്ലിനു 1000 രൂപയോളമായിരുന്നു വൈദ്യുത ചാർജ്. എന്നാൽ ബ്ലോക്കിലെ 49കർഷകർക്ക് കൃഷിയാവശ്യത്തിന് സൗജന്യമായി നൽകിയിരുന്ന വൈദ്യുതി കെ.എസ്.ഇ.ബി അധികൃതർ വിച്ഛേദിക്കുകയായിരുന്നു. പുത്തൻകായലിലെ കർഷകർ, കേരള കർഷകസംഘം, പുത്തൻകായൽ കർഷകസംഘം സെക്രട്ടറി കെ.ബി പുഷ്‌കരൻ എന്നിവർ മന്ത്റി വി.എൻ.വാസവന് നൽകിയ നിവേദനത്തെ തുടർന്നാണ് വൈദ്യുതി പുനസ്ഥാപിച്ചത്. വി.എൻ.വാസവന്റെ ഇടപെടീലിനെ തുടർന്ന് വൈദ്യുതി മന്ത്റി കെ.കൃഷ്ണണൻകുട്ടി അടിയന്തിരമായി വൈദ്യുതി പുനസ്ഥാപിക്കാൻ കെ.എസ്.ഇ.ബി അധികൃതർക്ക് നിർദ്ദേശം നൽകുകയായിരുന്നു. കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബി അധികൃതരെത്തി ഹൈ പവർ മേട്ടോറിലേക്കുള്ള വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.
760 ഏക്കർ
കൈപ്പുഴ വെച്ചൂർ പുത്തൻ കായലിലെ 760 ഏക്കറോളം വിസ്തൃതൃതിയുള്ള കൃഷി നിലം അഞ്ച് ബ്ലോക്കുകളായാണ് സ്ഥിതി ചെയ്യുന്നത്.തെങ്ങ്, വാഴ, പച്ചക്കറി, മത്സ്യകൃഷി തുടങ്ങിയവയാണ് പ്രധാന കൃഷികൾ.400 ഓളം പേരുടെ കൃഷിഭൂമിയിലെ കാർഷികവൃത്തിയുമായി ബന്ധപ്പെട്ട് നൂറുകണക്കിന് തൊഴിലാളികളും ഉപജീവനം നടത്തുന്നുണ്ട്.