car

കോട്ടയം: റിയൽ എസ്റ്റേറ്റ് മേഖല 'കണക്കിലായതോടെ' യൂസ്ഡ് കാർ വിപണിയിലേയ്ക്ക് ചേക്കേറി കള്ളപ്പണ മാഫിയ. നോട്ട് നിരോധനത്തോടെ അനധികൃത റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് പിടിമുറുകിയതോടെയാണ് യൂസ്ഡ് കാർ വിണിയിലേയ്ക്കുള്ള ഇൻവെസ്റ്റ്മെന്റ്. കൂണുപോലെ യൂസ്ഡ് കാർ ഡീലർമാർ മുളച്ചതോടെ അനാവശ്യ വിലക്കയറ്റവും സൃഷ്ടിക്കുന്നു.

കൊവിഡിന് ശേഷം യൂസ്ഡ് കാർ വിപണി ഉണർന്നതോടെയാണ് ഒന്നര വർഷത്തോളമായി കള്ളപ്പണ മാഫിയയും ഈ മേഖലയിലേയ്ക്ക് കടന്നത്. ഉടമകളിൽ നിന്ന് സെയിൽ ലെറ്ററിന്റെ മാത്രം അടിസ്ഥാനത്തിലാണ് വാഹനം വാങ്ങുക. പണം നൽകുന്നത് നേരിട്ടും. എപ്പോഴെങ്കിലും വണ്ടി വിറ്റു പോകുമ്പോഴാവും ഉടമയുടെ പേര് മാറുക. കച്ചവടക്കാരന്റെ പേര് ഔദ്യോഗിക രേഖയിൽ വരില്ല, വണ്ടിയുടെ പേരിൽ മറിഞ്ഞ ലക്ഷങ്ങൾക്ക് കണക്കുമില്ല. സിംഗിൾ ഓണർ വാഹനങ്ങൾക്ക് ഡിമാൻഡ് കൂടുതലായതിനാലാണ് പേര് മാറ്റാത്തതെന്ന് ഉടമകളെ വിശ്വസിപ്പിക്കും. എന്നാൽ ഒരു വാഹനം വിറ്റാൽ ഉടമസ്ഥാവകാശം മാറ്റണമെന്നാണ് നിയമം. മറിച്ചാണെങ്കിൽ വാഹനം മൂലമുണ്ടാകന്ന സകല പ്രശ്നങ്ങൾക്കും ഉത്തരവാദിത്വം പേരിലുള്ളയാൾക്കാണ്. പേര് മാറ്റാതെ വാഹനം നൽകിയാൽ കൂടുതൽ പണം നൽകാമെന്ന കച്ചവടക്കാരുടെ വാഗ്ദാനത്തിൽ സാധാരണക്കാർ വീഴുകയാണ്.

 ഒരു കണക്കുമില്ല

യൂസ്ഡ് കാർ വാങ്ങുമ്പോൾ മുദ്രപ്പത്രത്തിൽ കരാറെഴുതണം. ജി.എസ്.ടി നൽകണം ഒരു മാസത്തിനുള്ളിൽ പേര് മാറ്റണം,​ ഇടപാടുകൾ പരമാവധി ബാങ്ക് മുഖേനെയാവണം ഇങ്ങനെ നിരവധി നിബന്ധനകളുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. നൽകിയ പണത്തിന്റെ ഉറവിടം പോലും കാണിക്കുന്നില്ല.

അനധികൃത കച്ചവടക്കാ‌ർ വന്നതോടെയാണ് മേഖലയിൽ വൻവിലക്കയറ്റം സൃഷ്ടിച്ചത്.

പ്രശ്നങ്ങൾ

 കണക്കില്ലാതെ പണമൊഴുന്നു

 വാഹനങ്ങൾ വാങ്ങിക്കൂട്ടുന്നു

 കൃത്രിമ വിലക്കയറ്റമുണ്ടാക്കുന്നു

സെയിൽ ലെറ്റർ സാധുവല്ല

'' വാഹനം കൈമാറുമ്പോൾ തന്നെ ഓൺലൈനിൽ പേരു മാറ്റാൻ അപേക്ഷ നൽകണം. എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ സെയിൽ ലെറ്റർ കോടതിയിൽ നിലനിൽക്കില്ല. ഇടപാടുകൾ അക്കൗണ്ട് മുഖേനെയാവുന്നതാണ് സുരക്ഷിതം''

- മോട്ടോർ വാഹന വകുപ്പ് അധികൃതർ