ചങ്ങനാശേരി: വാഴപ്പള്ളി പഞ്ചായത്ത് ഓഫീസിനോട് ചേർന്ന് മുന്തിരി കവല ജംഗ്ഷനിൽ, പി.ഡബ്ലി.യു.ഡി റോഡും, സർക്കാർ പുറമ്പോക്ക് ഭൂമിയും കൈയേറി സ്വകാര്യ വ്യക്തി അനധികൃതമായി മതിലും കെട്ടിടവും നിർമ്മിക്കുന്നതായി പരാതി. വാഴപ്പള്ളി പഞ്ചായത്തിൽ നിന്നും അനുമതി വാങ്ങാതെയാണ് പുറമ്പോക്ക് ഭൂമി കൈയേറി മതിൽകെട്ടുന്നത്. ചെത്തിപ്പുഴ ആശുപത്രി, ക്രിസ്തുജ്യോതി, പ്ലാസിഡ് സ്‌കൂളുകൾ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് പോകുന്നതിനുള്ള ജംഗ്ഷനിലാണ് അനധികൃത നിർമ്മാണം നടത്തുന്നത്. അനധികൃത നിർമ്മാണത്തിനെതിരേ ചങ്ങനാശേരി തഹസിൽദാർക്കും, പി.ഡബ്ലി.യു.ഡി അസി. എക്‌സിക്യൂട്ടീവ് എൻജിനിയർക്കും പരാതി നൽകി. അനധികൃത മതിൽ നിർമ്മാണം പൊളിച്ചുമാറ്റി റോഡിന്റെ വീതി കൂട്ടണമെന്ന് നിരവധി സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്.