vaccin

കോട്ടയം : സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പുതിയ മാർഗനിർദേശങ്ങൾ പ്രകാരം ജില്ലയിൽ കൊവിഡ് വാക്‌സിനേഷൻ ബുക്കിംഗിനായി അടുത്ത രണ്ടാഴ്ചത്തേക്കുള്ള പുതിയ ക്രമീകരണം ഇന്ന് മുതൽ നിലവിൽ വരും. വാക്‌സിനേഷന്റെ തലേന്നോ ഒരു ദിവസം മുൻപോ വൈകിട്ട് ഏഴിന് ബുക്കിംഗിന് സൗകര്യമൊരുക്കുന്നതാണ് ജില്ലയിൽ നിലവിലുള്ള സംവിധാനം. ഇതിന് പകരം വാക്‌സിനേഷൻ നടക്കുന്ന 83 കേന്ദ്രങ്ങളിൽ നാളെ മുതൽ ഒന്നാംഡോസ് എടുക്കേണ്ടവർക്ക് ഇന്ന് വൈകിട്ട് അഞ്ചു മുതൽ അടുത്ത രണ്ടാഴ്ച ഏതു സമയത്തും ലഭ്യതയനുസരിച്ച് മുൻകൂട്ടി ബുക്ക് ചെയ്യാനാകും. രണ്ടാംഡോസ് എടുക്കേണ്ടവർക്ക് ആരോഗ്യ വകുപ്പ് സ്ലോട്ട് ബുക്ക് ചെയ്ത് എസ്.എം.എസ് മുഖേന വിവരം നൽകും. രണ്ടാം ഡോസ് സ്വീകരിക്കാൻ സമയമായവർക്ക് വാക്‌സിൻ ലഭിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനാണിതെന്ന് ജില്ലാ കളക്ടർ എം. അഞ്ജന പറഞ്ഞു. ജില്ലയിൽ ലഭ്യമായ വാക്‌സിൻ എല്ലാ കേന്ദ്രങ്ങളിലും തുല്യമായി എത്തിക്കും. കൂടുതൽ ഡോസ് കിട്ടുന്നതനുസരിച്ച് കൂടുതൽ പേർക്ക് നൽകുന്നതിന് നടപടി സ്വീകരിക്കും. സ്റ്റോക്ക് തീരുന്നതുമൂലം ഏതെങ്കിലും ദിവസം വാക്‌സനേഷൻ നടക്കാതിരുന്നാൽ മാധ്യമങ്ങളിലൂടെ മുൻകൂട്ടി വിവരം അറിയിക്കും. എല്ലാ കേന്ദ്രങ്ങളിലും വാക്‌സിനേഷൻ ഉള്ളതുകൊണ്ട് തുടർന്നുള്ള ദിവസങ്ങളിൽ കേന്ദ്രങ്ങളുടെ പട്ടിക പ്രത്യേകമായി പ്രസിദ്ധീകരിക്കില്ല. ഒന്നാം ഡോസുകാർ മാത്രം ഓൺലൈൻ ബുക്കിംഗ് നടത്തിയാൽ മതിയാകും. ബുക്കിംഗിന് മുൻപ് ഓരോ കേന്ദ്രത്തിലും നൽകുന്നത് ഏതു വാക്‌സിനാണെന്ന് അറിയാനാകും. രണ്ടാംഡോസുകാർക്ക് ആദ്യഡോസ് എടുത്ത കേന്ദ്രത്തിൽതന്നെ മുൻഗണനാ ക്രമത്തിൽ നൽകുന്നതിനാണ് ആരോഗ്യ വകുപ്പ് ക്രമീകരണം ഏർപ്പെടുത്തുക. രണ്ടാം ഡോസുകാരും രജിസ്റ്റർ ചെയ്യുന്ന മുൻഗണനാ വിഭാഗങ്ങളിൽപ്പെട്ടവരും ആരോഗ്യവകുപ്പ് ഷെഡ്യൂൾ ചെയ്ത് എസ്.എം.എസ് അയയ്ക്കുന്നത് പ്രകാരം വാക്‌സിനേഷൻ കേന്ദ്രത്തിൽ എത്തിയാൽ മതിയാകും. ഓൺലൈനിൽ ബുക്ക് ചെയ്യാതെയോ വാക്‌സനേഷൻ കേന്ദ്രം അനുവദിച്ച് എസ്.എം.എസ് ലഭിക്കാതെയോ നേരിട്ട് കേന്ദ്രത്തിലെത്തി വാക്‌സിൻ സ്വീകരിക്കാനാവില്ല.

ഇന്നലെ 504 പേർക്ക് കൊവിഡ്

ജില്ലയിൽ 504 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 502 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകയും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേർ രോഗബാധിതരായി. പുതിയതായി 7243 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 6.95 ശതമാനം. രോഗം ബാധിച്ചവരിൽ 220 പുരുഷൻമാരും 216 സ്ത്രീകളും 68 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 85 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 577 പേർ രോഗമുക്തരായി. 3509 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 198189 പേർ കോവിഡ് ബാധിതരായി. 193030 പേർ രോഗമുക്തി നേടി. 24740 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. പനച്ചിക്കാട്ടാണ് ഇന്നലെ രോഗ ബാധ കൂടുതൽ 70 പേർക്ക്.