മുണ്ടക്കയം: വനാതിർത്തി പ്രദേശങ്ങളിൽ വ്യാജ തോക്കുകൾ സൂക്ഷിച്ചിട്ടുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഒരാൾ അറസ്റ്റിൽ. കോരുത്തോട് കിഴക്കേ കൊമ്പുകുത്തി ഈട്ടിക്കൽ തങ്കച്ചൻ(60) നെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. റെയ്ഡിനിടെ പൊലീസിനെ കണ്ട് ഓടിരക്ഷപെട്ട കിഴക്കേ കൊമ്പുകുത്തി ഇളം പുരയിടത്തിൽ സുരേഷിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
പൊലീസിന്റെ നേതൃത്വത്തിൽ കൊമ്പുകുത്തി, കണ്ണിമല കോരുത്തോട് തുടങ്ങിയ പ്രദേശങ്ങളിലെ എട്ടു പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. പരിശോധനയിൽ കൊമ്പുകുത്തി ഭാഗത്തുനിന്നും രണ്ട് നാടൻ തോക്ക് കണ്ടെടുത്തു. തങ്കച്ചന്റെ കൈയിൽ നിന്നും നാടൻ തോക്ക് കണ്ടെത്തി. സുരേഷിന്റെ വീട്ടിൽ നിന്നും നിറതോക്കും പൊലീസ് പിടികൂടിയിട്ടുണ്ട്. കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി ശിൽപ്പയുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു പരിശോധന. കാട്ടുമൃഗങ്ങളെ വേട്ടയാടുന്നതായി അനധികൃതമായി ലൈസൻസില്ലാതെ നിരവധി വ്യാജ തോക്കുകൾ നിർമ്മിച്ചു എന്നാണ് പൊലീസിന്റെ നിഗമനം. ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മിന്നൽ പരിശോധനയിൽ വെള്ളികുളം ഭാഗത്ത് പ്രവർത്തിക്കുന്ന സ്പൈസ് ഗാർഡൻ റിസോർട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 40 കിലോയോളം തൂക്കം വരുന്ന പാറപൊട്ടിക്കാൻ ഉപയോഗിക്കുന്ന പൊടിയും,രണ്ടുലിറ്റർ വാറ്റുചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. റിസോർട്ടിനെതിരെ പൊലീസ് കേസെടുത്തു.