കട്ടപ്പന: കൊവിഡ് കാലത്ത് ഡീൻ കുര്യാക്കോസ് എം.പി. മണ്ഡലത്തിലുടനീളം നടത്തിയ പ്രവർത്തനങ്ങളിലുള്ള അസഹിഷ്ണുത മൂലമാണ് ഇടമലക്കുടി സന്ദർശനം വിവാദമാക്കുന്നതെന്ന് ഡി.സി.സി. പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ. ഒപ്പമുണ്ടായിരുന്ന ബ്ളോഗർ കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് എം.പിക്കൊപ്പം ഇടമലക്കുടിയിലെത്തിയത്. ഇവിടുത്തെ സ്‌കൂളിലേക്ക് ആവശ്യമായ പഠനോപകരണങ്ങൾ എത്തിച്ചു. തരംതാണ പ്രസ്താവനയാണ് സി.പി.എം. ജില്ലാ സെക്രട്ടറിയുടേത്. ഇടമലക്കുടി പഞ്ചായത്തിൽ കോൺഗ്രസ് ഭരണത്തിലെത്തിയപ്പോൾ മുതൽ സി.പി.എം മനപ്പൂർവം പ്രശ്‌നമുണ്ടാക്കുകയാണ്. ജനപ്രതിനിധികൾ സന്ദർശനം നടത്തുമ്പോൾ മാദ്ധ്യമ പ്രവർത്തകർ, ബ്ളോഗർമാർ തുടങ്ങിയവർ ഇടമലക്കുടിയിൽ എത്തിയിട്ടുണ്ട്. കൊവിഡ് കാലത്ത് എംപിയുടെ ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീം നിരവധി പ്രവർത്തനങ്ങൾ നടത്തി. ഇക്കാര്യങ്ങളാണ് രാഷ്ട്രീയത്തിനപ്പുറം വിലയിരുത്തേണ്ടതെന്നും ഡി.സി.സി. പ്രസിഡന്റ് പറഞ്ഞു.