കൊല്ലപ്പിള്ളി-നീലൂർ റോഡ് തകർന്നു
കൊല്ലപ്പിള്ളി: ഇത് കുഴിയണോ കുളമാണോ ...? കുഴിയാനക്കുഴികൾ പോലെ അടുത്തടുത്ത് ആഴത്തിലുള്ള കുഴികൾ കൊല്ലപ്പിള്ളി-നീലൂർ റോഡിലെ യാത്ര പേടി സ്വപ്നമാക്കുകയാണ്.പ്രത്യേകിച്ചും ഇരുചക്ര വാഹനയാത്രക്കാർക്ക്. കൊല്ലപ്പിള്ളി നീലൂർ റോഡിലൂടെ എലിവാലി, കുറുമണ്ണ് ഭാഗങ്ങളിലാണ് കുഴികളിലേറെയും. ഇവിടെ നല്ല ഇറക്കവുമുണ്ട്. ഇറക്കത്തിലുള്ള കുഴികളിൽ വീണ് ഇരുചക്രവാഹന യാത്രക്കാർ അപകടപ്പെടുന്നതും പതിവായിട്ടുണ്ട്.പാലായിൽ നിന്നും ഇടുക്കിയിലേക്കുള്ള എളുപ്പ വഴി എന്ന നിലയിൽ നിരവധി വാഹനങ്ങളാണ് നിത്യേന അങ്ങോട്ടുമിങ്ങോട്ടും പോയി വരാൻ ഈവഴി ഉപയോഗിക്കുന്നത്. മുട്ടം, നീലൂർ, മേലുകാവ് ഭാഗങ്ങളിൽ നിന്നും കൊല്ലപ്പള്ളി, പാലാ ഭാഗത്തേയ്ക്ക് യാത്ര ചെയ്യുന്നവരുമുണ്ട്. വിവിധ ബസുകളും ഇതുവഴി ഓടുന്നു. എലിവാലി ഭാഗത്തെ വളവിലും നിറയെ കുഴികളാണ്. വഴിപരിചയമില്ലാത്ത ഡ്രൈവർമാർക്കാണെങ്കിൽ അടുത്തെത്തുമ്പോൾ മാത്രമേ കുഴികൾ കാണാനാവു.മഴക്കാലത്തിന് മുമ്പേ റോഡ് നന്നാക്കണമെന്ന് നാട്ടുകാർ പലവട്ടം ആവശ്യപ്പെട്ടിരുന്നെങ്കിലും പി.ഡബ്ലി.യു.ഡി അധികൃതർ കനിഞ്ഞില്ല.
അപകടരഹിതമാക്കണം
സുരക്ഷിതമായി യാത്ര ചെയ്യാനുള്ള പൊതുജനങ്ങളുടെ അവകാശത്തെ സംരക്ഷിക്കാൻ കൊല്ലപ്പിള്ളി എലിവാലി റോഡിലെ കുഴികൾ നികത്തി അപകടരഹിതമാക്കണമെന്ന് ആംആദ്മി പാലാ മണ്ഡലം കമ്മിറ്റി ആവശൃപ്പെട്ടു. കോഡിനേറ്റർ ജയേഷ് ജോർജ്, സെക്രട്ടറി ജോയി കളരിക്കൽ, ജോബി കടനാട്, ബിനു കൊല്ലപ്പള്ളി, ടെന്നി കിഴപറയാർ, ബാലകൃഷ്ണൻനായർ മേവിട എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ അടിക്കുറിപ്പ്
കുഴി നിറഞ്ഞ കൊല്ലപ്പിള്ളി എലിവാലി റോഡ്