നഷ്ടപ്പെട്ട തുക കുറ്റക്കാരിൽ നിന്ന് ഈടാക്കും

കട്ടപ്പന: അയ്യപ്പൻകോവിൽ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി ക്രമക്കേട് സംബന്ധിച്ച് ഇന്റേണൽ വിജിലൻസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 5 താത്കാലിക ജീവനക്കാരെ പിരിച്ചുവിടാൻ കളക്ടർ എച്ച്. ദിനേശൻ ഉത്തരവിട്ടു. ഒരു അക്രഡിറ്റഡ് എൻജിനീയർ, രണ്ട് ഓവർസീയർമാർ, രണ്ട് അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റുമാർ എന്നിവരെയാണ് പിരിച്ചുവിടുന്നത്. 2,67,342 രൂപയുടെ ക്രമക്കേടാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. കൂടാതെ ക്രമക്കേട് നടന്ന കാലയളവിൽ അയ്യപ്പൻകോവിൽ പഞ്ചായത്തിൽ സെക്രട്ടറിമാരായിരുന്ന രണ്ടു പേരോടും വിശദീകരണം തേടാൻ പഞ്ചായത്ത് ഡയറക്ടർക്ക് കളക്ടർ കത്തു നൽകി. നഷ്ടപ്പെട്ട തുക കുറ്റക്കാരിൽ നിന്ന് ഈടാക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറിയോടും കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്.
തൊഴിലുറപ്പ് പദ്ധതിയുടെ മെറ്റീരിയൽ ജോലികളുടെ ഭാഗമായി സിറ്റിസൺ ഇൻഫർമേഷൻ ബോർഡുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണ് ക്രമക്കേട് നടന്നത്. 201718 സാമ്പത്തിക വർഷം മുതൽ ക്രമക്കേട് നടന്നതായി റിപ്പോർട്ടിലുള്ളതായാണ് വിവരം. പഞ്ചായത്ത് സെക്രട്ടറി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ 2,85,000 രൂപയുടെ അഴിമതിയാണ് കണ്ടെത്തിയത്. തുടർന്ന് അക്രഡിറ്റഡ് എഞ്ചിനീയർ, 2 ഓവർസീയർമാർ, 2 അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റുമാർ എന്നിവരെ കളക്ടർ സസ്‌പെൻഡ് ചെയ്തിരുന്നു. തുടർന്ന് ബി.ഡി.ഒയുടെ അന്വേഷണത്തിന് ശേഷം അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റുമാരെ പിരിച്ചുവിട്ടു.
പഞ്ചായത്തിന്റെ പ്രാഥമിക പരിശോധനയിൽ 2,85,000 രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നെങ്കിലും കട്ടപ്പന ബ്ലോക്ക് പ്രോഗ്രാം ഓഫിസറുടെ അന്വേഷണത്തിൽ 1,20,000 രൂപയുടെ ക്രമക്കേടു മാത്രമാണ് സ്ഥിരീകരിച്ചത്. അതേതുടർന്നാണ് വിശദമായ അന്വേഷണം നടത്താനായി കലക്ടർ ഇന്റേണൽ വിജിലൻസ് വിഭാഗത്തെ നിയോഗിച്ചത്. ഇന്റേണൽ വിജിലൻസ് വിഭാഗം അഡീഷണൽ ഡയറക്ടർ ജനറൽ ശ്രീലേഖയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കൂടുതൽ തുകയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തിയതോടെ ബിഡിഒയോട് വിശദീകരണം തേടുമെന്ന് കളക്ടർ പറഞ്ഞു.