കുമളി: കേരളതമിഴ്‌നാട് അതിർത്തിയിലെ ചെല്ലാർകോവിലിൽ തമിഴ്‌നാട് വനപാലകരെ നായാട്ട് സംഘം ആക്രമിച്ചു.രണ്ട് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. വേട്ടക്കാരുടെ കൈവശമുണ്ടായിരുന്ന തോക്കും ആയുധങ്ങളും മാൻകൊമ്പും കണ്ടെടുത്തു. ഉദ്യോഗസ്ഥരെ ആക്രമിച്ചവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. ബുധനാഴച രാത്രി 11ഓടെയാണ് സംഭവം. ചെല്ലാർകോവിലിലെ വനമേഖലയിൽ രാത്രികാല പട്രോളിംഗിന് എത്തിയ തമിഴ്‌നാട് വനപാലകരുമായി നായാട്ട് സംഘം ഏറ്റുമുട്ടുകയായിരുന്നു. വേട്ട കഴിഞ്ഞ് മടങ്ങുകയായിരുന്ന ഏഴംഗ സംഘം അപ്രതീക്ഷിതമായി വനപാലകർക്ക് മുന്നിൽപെട്ടു. രക്ഷപ്പെടാനായി ഉദ്യോഗസ്ഥർക്ക് നേരെ തോക്കുചൂണ്ടിയതോടെ ഉന്തും തള്ളുമുണ്ടായി. പിടിവലിക്കിടെ വെടി പൊട്ടിയെങ്കിലും ആർക്കും ഏറ്റില്ല. ഇതിനിടെ സംഘത്തിൽപെട്ട ഒരാൾ വെട്ടുകത്തി കൊണ്ട് വനപാലകരെ ആക്രമിക്കുകയായിരുന്നു. ഫോറസ്റ്റ് വാച്ചറായ കാജാമൊയ്തീന്റെ തലയ്ക്ക് വെട്ടി നായാട്ട് സംഘം കടന്നുകളയുകയായിരുന്നു.
ഇദ്ദേഹത്തെ പുറ്റടി സി.എച്ച്.സിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയശേഷം തേനി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മറ്റൊരു ഉദ്യോഗസ്ഥനും ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്.
ആക്രമണത്തിന് ശേഷം രാത്രിയിൽ തന്നെ വണ്ടൻമേട് പൊലീസും തമിഴ്‌നാട് പൊലീസും സംയുക്തമായി മേഖലയിൽ പരിശോധന നടത്തി. തോക്ക്, വെട്ടുകത്തി, മാൻകൊമ്പ് തുടങ്ങിയവ ഉപേക്ഷിച്ചാണ് സംഘം കടന്നുകളഞ്ഞത്. പ്രതികളിൽ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്.