ചങ്ങനാശേരി: തരിശുപറമ്പിനു സമാനമായി ആവണി തോട്. റോഡ് നിരപ്പിനോട് ചേർന്നു നിൽക്കുന്ന തോടയാതിനാൽ മാലിന്യങ്ങളും പോളയും പുല്ലും നിറഞ്ഞു നിൽക്കുകയാണ്. ആലപ്പുഴ എസി റോഡിലൂടെ കടന്നു പോകുന്ന ആവണി തോട്ടിലാണ് മാലിന്യം നിറഞ്ഞു പൊങ്ങിയത്. ഇക്കഴിഞ്ഞ വെള്ളപ്പൊക്കത്തിനു ശേഷം അടിഞ്ഞു കൂടിയ മാലിന്യങ്ങളാണ് തോട്ടിൽ മീറ്ററുകളോളം തിങ്ങി നിറഞ്ഞ് കിടക്കുന്നത്.
മുൻ വർഷങ്ങളിൽ മഴക്കാല പൂർവ്വ ശുചീകരണത്തിന്റെയും വെള്ളപ്പൊക്കത്തിനു മുന്നോടിയായും തോടുകൾ ശുചീകരിച്ചിരുന്നു. പോള നിറഞ്ഞു കിടക്കുന്ന ബോട്ട് ജെട്ടിയും മറ്റ് ചെറുതോടുകളും വൃത്തിയാക്കിയെങ്കിലും ആവണി തോട് അവഗണനയിലായി. മനയ്ക്കച്ചിറ ആറിൽ നിന്നും കൈവഴിയായി വരുന്ന ഭാഗം എത്തിച്ചേരുന്നത് ആവണിതോട്ടിലേയ്ക്കാണ്.
പ്ലാസ്റ്റിക് കുപ്പികൾ, മാലിന്യ വസ്തുക്കൾ തുടങ്ങിയവയാണ് മഴ പെയ്യുന്നതിനാൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വെള്ളത്തിൽ പൊങ്ങി കിടക്കുകയാണ്. പോളയും മറ്റും നിറഞ്ഞു കിടക്കുന്നതിനാൽ നീരൊഴുക്കും തടയാനും ഇടയാകുന്നു. റോഡിനോട് ചേർന്നുള്ള തോടായതിനാൽ നിരവധി അപകടങ്ങളും ഇവിടെ പതിവാണ്. റോഡരിക് പുല്ലും കാടും വളർന്നു നിൽക്കുന്നതും അപകടസാധ്യത ഇരട്ടിയാക്കുന്നു. കാൽനടയാത്രികർക്ക് ഇതുവഴി കടന്നുപോകുന്നതിനും സാധിക്കുന്നില്ല. മാലിന്യങ്ങൾ നിറഞ്ഞു കിടക്കുന്നതിനാൽ, ഇഴജന്തുക്കളുടെ ശല്യവും ഇവിടെ രൂക്ഷമാണ്. ആലപ്പുഴ ദേശീയപാതയായതിനാൽ, വലുതും ചെറുതുമായ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. നിരവധി അപകടങ്ങളും ഇവിടെ സംഭവിച്ചിട്ടുണ്ട്. മറ്റ് വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോഴും രാത്രികാലങ്ങളിലും തോട് ഉണ്ടെന്നറിയാതെ എത്തുന്ന വാഹനങ്ങളും അപകടത്തിൽപ്പെടുന്നു. തോടിന് സംരക്ഷണഭിത്തിയില്ലാത്തതും സൂചനാബോർഡുകളും ഇല്ലാത്തതും ദുരിതം ഇരട്ടിയാക്കുന്നു. തോട് ശുചീകരിക്കുന്നതിനും അപകടം ഒഴിവാക്കുന്നതിനും അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.