കോട്ടയം: മണിപ്പുഴ റെയിൽവേ ഫ്ലൈ ഓവറിന്റെയും കാരിത്താസ് ഫ്ലൈ ഓവറിന്റെയും നിർമ്മാണോദ്ഘാടനം നടന്നത് ഒരൊറ്റ ദിവസം. മണിപ്പുഴ ഫ്ലൈ ഓവറിലൂടെ വാഹനം കടന്നുപോവാൻ തുടങ്ങിയിട്ട് വർഷം രണ്ട് കഴിഞ്ഞിട്ടും കാരിത്താസ്-അമ്മഞ്ചേരി റോഡിലെ കാരിത്താസ് ഫ്ലൈ ഓവറിന്റെയും ത്തിന്റെ അപ്രോച്ച്റോഡിന്റെ ടെൻഡർ പോലും ഇതുവരെ പൂർത്തിയായിട്ടില്ല. എന്നാൽ കാരിത്താസ് ഫ്ലൈ ഓവറിന്റെ ഗർഡറുകൾ സ്ഥാപിച്ചുതുടങ്ങിയിട്ടുണ്ട്. ഇതിന്റെ പണി രണ്ടു മാസത്തിനുള്ളിൽ പൂർത്തിയാവും. ചുരുക്കത്തിൽ അപ്രോച്ച് റോഡ് നിർമ്മാണം ഉടൻ ആരംഭിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കിയില്ലെങ്കിൽ ഫ്ലൈ ഓവർ ഇരുകരമുട്ടാതെ ആകാശത്ത് നിലയുറപ്പിക്കേണ്ട ഗതികേടിലാവും.
2019 സെപ്തംബർ 25നാണ് ഫ്ലൈ ഓവറിന്റെനിർമ്മാണത്തിന് കരാർ ക്ഷണിച്ചത്. നവംബറിൽ ഫ്ലൈ ഓവർ നിർമ്മാണം ആരംഭിച്ചു. ഫ്ലൈ ഓവർ റെയിൽവേയും അപ്രോച്ച് റോഡ് നിർമ്മാണചുമതല റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോർപ്പേറേഷനുമാണ്. അപ്രോച്ച് റോഡിന് സ്ഥലമേറ്റെടുപ്പും പൂർത്തിയായിരുന്നു.
19 സ്ഥല ഉടമകളിൽ നിന്ന് 90 സെന്റ് ഭൂമിയാണ് സർക്കാർ ഏറ്റെടുത്തത്. 400 മീറ്ററാണ് അപ്രോച്ച് റോഡിന്റെ നീളം. അപ്രോച്ച് റോഡിനായി നാലുതവണ ടെൻഡർ ക്ഷണിച്ചിരുന്നെങ്കിലും ഏറ്റെടുക്കാൻ കരാറുകാർ തയ്യാറായിരുന്നില്ല.
9.62 കോടി രൂപയാണ് മൂന്നുവർഷം മുമ്പ് റോഡിനായി അനുവദിച്ചത്. നിർമ്മാണസാമഗ്രികളുടെ വില കുത്തനെ വർധിച്ച സാഹചര്യത്തിൽ ടെൻഡർ തുക വർദ്ധിപ്പിക്കണമെന്നാണ് കരാറുകാരുടെ ആവശ്യം. തുക വർധിപ്പിക്കാതെ നിർമ്മാണം ഏറ്റെടുക്കാൻ കഴിയില്ലെന്നാണ് ഇവരുടെ നിലപാട്.
ഫ്ലൈ ഓവറിന്റെ തൂണുകളുടെ നിർമ്മാണം പൂർത്തിയായതോടെ 2020 ജൂണിൽ തൂണിന് മുകളിൽ സ്ഥാപിക്കേണ്ട ഗർഡറുകൾ റെയിൽവേ സ്ഥലത്തെത്തിച്ചു. എന്നാൽ, റെയിൽവേ സുരക്ഷാ കമ്മീഷന്റെ (സി.ആർ.എസ്) അനുമതി ലഭിച്ചില്ല. ഇതോടെ പാലം നിർമ്മാണം നീണ്ടുപോവുകയായിരുന്നു. 2021 ജൂൺ ഏഴിന് അനുമതി ലഭിച്ചതോടെയാണ് ഗർഡറുകൾ ഓരോന്നായി സ്ഥാപിച്ചുതുടങ്ങിയത്. ഇനിയും എന്ന് അപ്രോച്ച് റോഡിന്റെ നിർമ്മാണം തുടങ്ങുകയെന്ന് പ്രവചിക്കുക സാദ്ധ്യമല്ല.
ജില്ലയിലെ ഏറ്റവും തിരക്കേറിയ റെയിൽവേ ഗേറ്റുകളിലാന്നാണ് ഇവിടുത്തേത്. റെയിൽവേ ഗേറ്റുകൾ അടക്കുന്നതുമൂലം ആംബുലൻസുകൾ, യാത്രാബസുകൾ, ചെറുവാഹനങ്ങൾ തുടങ്ങിയ കാത്തുകിടക്കുന്നത് പതിവായിരുന്നു. ഇതിന് പരിഹാരം കാണണമെന്ന 40 വർഷത്തോളം നീണ്ട ആവശ്യത്തിനൊടുവിലാണ് ഫ്ലൈ ഓവർ നിർമ്മിക്കാൻ നടപടിയായത്.
ഫ്ലൈ ഓവർ നിർമ്മാണത്തിനായുള്ള സാമഗ്രികൾ ഇറക്കിയിട്ടിരിക്കുന്നതുമൂലം റെയിൽവേ ഗേറ്റിൽക്കൂടി കാൽനടപോലും ഇപ്പോൾ ബുദ്ധിമുട്ടിലാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു.