food

കോട്ടയം: നഗരത്തിന്റെ പേരും പെരുമയുമായിരുന്ന ബെസ്റ്റോട്ടലും ആനന്ദ മന്ദിരവും പൂട്ടുന്നതോടെ ഉരുണ്ടുകൂടുന്നത് ഹോട്ടൽ മേഖലയിലെ വലിയ പ്രതിസന്ധിക്കാലം. നാടൻ വിഭവങ്ങൾക്കു പേരുകേട്ട ഈ ഹോട്ടലുകൾ അടയ്ക്കുമ്പോൾ, മറുവശത്ത് ഉയരുന്നത് അറേബ്യൻ, ഇറ്റാലിയൻ വിഭവങ്ങളോടു കൂടിയ ഹോട്ടലുകളാണ്. ജില്ലയിൽ രണ്ടു ലോക്ക് ഡൗണുകൾക്കും ഇടയിലായി മുപ്പത് ഹോട്ടലുകളാണ് പൂട്ടിയത്. വെജിറ്റേറിയൻ, നാടൻ ഭക്ഷണങ്ങൾ നൽകിയിരുന്നവയാണ് പൂട്ടിയതിൽ ഏറെയും.

അതേസമയം അടുത്തിടെ ജില്ലയിൽ ലൈസൻസിന് അപേക്ഷ നൽകിയത് 15 ഹോട്ടലുകളാണ്. ഇതിൽ ഏറെയും നോൺവെജ്, ഇറ്റാലിയൻ, തന്തൂരി, ബാർബി ക്യു വിഭവങ്ങളുള്ളവയും. നിലവിൽ ജില്ലയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ പലതും പൂട്ടൽ ഭീഷണിയിലാണുതാനും. ലോക്ക് ഡൗൺ പൂർണമായും പിൻവലിക്കാത്തതിനാൽ ജില്ലയിലെ ഹോട്ടലുകളിൽ ഇപ്പോഴും പാഴ്‌സലും ഹോം ഡെലിവറിയും മാത്രമാണ് അനുവദിച്ചിരിക്കുന്നത്.

ബെസ്റ്റോട്ടൽ രുചി

പാരമ്പര്യ രുചിയായിരുന്നു ബെസ്റ്റോട്ടലിന്റെ മൂലധനം. മണിക്കൂറുകളോളം സംസാരിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ ബെസ്റ്റോട്ടലിൽ അനുവദിച്ചിരിന്നു. രാഷ്ട്രീയ,സിനിമാചർച്ചകൾക്കും ഈ ഹോട്ടൽ വേദിയായി. ചെറിയ പാർ‌ട്ടികൾക്കും ബേക്കറി പലഹാരങ്ങൾക്കും ഇവിടം പ്രസിദ്ധി നേടിയിരുന്നു. ആഗസ്റ്റ് 30 ന് ബെസ്റ്റോട്ടൽ പൂട്ടും. നഗരത്തിലെ വെജിറ്റേറിയൻ ഹോട്ടലുകളിൽ പ്രസിദ്ധിയാർജിച്ചതായിരുന്നു ആനന്ദ മന്ദിരം. ഈ ഹോട്ടലും പൂട്ടാനൊരുങ്ങുകയാണ്.

 അടച്ച മലയാളി

ഹോട്ടലുകൾ 30

 തുറക്കുന്ന അറബിക്

ഹോട്ടലുകൾ-15

'നിരവധി ഹോട്ടലുകൾ പ്രതിസന്ധിയുടെ മൂലം പൂട്ടുന്നുണ്ട്. അതുപോലെ തന്നെ പുതിയവ തുറക്കാൻ അപേക്ഷ ലഭിക്കുന്നുമുണ്ട്. കൊവിഡ് ഹോട്ടലുകളെ ബാധിച്ചിട്ടുണ്ടെങ്കിലും പലരും പ്രതിസന്ധി മാറുമെന്ന പ്രതീക്ഷയിലാണ് .'

- ഉണ്ണികൃഷ്ണൻ, ഭക്ഷ്യ സുരക്ഷാ ഓഫീസർ

കോട്ടയം