വൈക്കം : തെരുവോരങ്ങളിൽ അന്തിയുറങ്ങുന്നവർക്ക് പ്രഭാത ഭക്ഷണം നൽകി കോൺഗ്രസ് നേതാവ് എ.സനീഷ് കുമാറും ഭാര്യ ഡോ.പുഷ്പലതയും മാതൃകയാകുന്നു. കൊവിഡ് മൂലം ഏറ്റവും കൂടുതൽ ദുരിതമനുഭിവിക്കുന്ന വിഭാഗമാണ് ആരും ശ്രദ്ധിക്കാതെ തെരുവോരങ്ങളിൽ അന്തിയുറങ്ങന്നവർ. വൈക്കം നഗരത്തിലെ തെരുവോരങ്ങളിൽ അന്തിയുറങ്ങുന്നവരിൽ ഭൂരിഭാഗവും ഭിക്ഷയാചിച്ചും, പാഴ് വസ്തുക്കൾ ശേഖരിച്ച് വിറ്റും, വൈക്കം മഹാദേവ ക്ഷേത്രത്തിൽ നിന്നും ഭക്ഷണം കഴിച്ചുമാണ് കഴിഞ്ഞ് പോന്നത്. എന്നാൻ ലോക്ക് ഡൗണിൽ എല്ലാ മേഖലകളും അടഞ്ഞപ്പോൾ ഇവരുടെ ഭക്ഷണത്തിനുള്ള വഴിയും അടഞ്ഞു. സന്നദ്ധ സംഘടനകൾ ഉച്ചഭക്ഷണം നൽകുന്നുണ്ടെങ്കിലും പ്രഭാത ഭക്ഷണം ലഭിക്കുന്നില്ല. ഇതറിഞ്ഞ കെ.പി.എം.എസ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും, ഡി.സി.സി ജനറൽ സെക്രട്ടറിയുമായ സനീഷ് കുമാറും ഭാര്യ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ തുറവൂർ കാമ്പസിലെ ഗസ്റ്റ് ലക്ചററായ ഡോ. പുഷ്പലതയും കഴിഞ്ഞ ഒരു മാസത്തോളമായി വീട്ടിൽ നിന്ന് പാകം ചെയ്ത പ്രഭാത ഭക്ഷണം രാവിലെ 8 ന് മുമ്പ് ഇവർക്ക് എത്തിച്ച് നൽകുകയാണ്. മറ്റേതെങ്കിലും തരത്തിൽ പ്രഭാത ഭക്ഷണം ലഭിക്കുന്നത് വരെ ഇത് തുടരുമെന്ന് ഇരുവരും പറഞ്ഞു.