ചങ്ങനാശേരി : കാൽനടയാത്രക്കാർ ജാഗ്രതൈ ! നിങ്ങളെ കാത്ത് മൂടിയില്ലാത്ത ഓടകൾ അപകടത്തിലേക്ക് വാ തുറന്നിരിപ്പുണ്ട്. കണ്ണൊന്ന് തെറ്റിയാൽ അപകടം കൈയെത്തും ദൂരത്താണ്. ചങ്ങനാശേരി നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം ഓടകൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും പല ഇടറോഡുകളിലും ഓടകൾ നിർമ്മിച്ചിട്ടില്ല, നിർമ്മിച്ച ഓടകളിലാകട്ടെ ഭൂരിഭാഗത്തിനും മൂടിയില്ല. പെരുന്ന പ്രൈവറ്റ് ബസ് സ്റ്റാൻഡ്, ളായിക്കാട്, പെരുന്ന റെഡ്‌സ്‌ക്വയർ, ആലപ്പുഴ എ.സി റോഡരിക്, റെയിൽവേ ബൈപ്പാസ് റോഡ് തുടങ്ങി നിരവധി ഇടങ്ങളിലാണ് അപകടക്കെണിയായി ഓടകൾ സ്ഥിതി ചെയ്യുന്നത്. ഇതോടെ കാൽനടയാത്രികർ റോഡിലേയ്ക്ക് ഇറങ്ങിനടക്കേണ്ട ഗതികേടിലാണ്. ഗതാഗതത്തിരക്ക് വർദ്ധിക്കുമ്പോൾ ഇരുചക്രവാഹനങ്ങൾ ഓടയുടെ മുകളിലൂടെ സഞ്ചരിക്കുന്നത് അപകടങ്ങൾക്കിടയാക്കുന്നുണ്ട്.

തിങ്ങിനിറഞ്ഞ് മാലിന്യം

ഓടകളിൽ മാലിന്യം അടിഞ്ഞുകൂടി മലിനജലം പുറത്തേക്ക് ഒഴുകി റോഡിൽ വെള്ളക്കെട്ട് പതിവാണ്. മലിനജലം കെട്ടിക്കിടക്കുന്നത് സാക്രമിക രോഗങ്ങൾ പടർന്നു പിടിക്കുന്നതിനും ഇടയാക്കുമെന്നാണ് ആശങ്ക. മാലിന്യങ്ങൾ അഴുകി രൂക്ഷമായ ദുർഗന്ധമാണ് ഉയരുന്നത്. കാട് മൂടി കിടക്കുന്ന ഓടകൾ അറിയാതെ എത്തുന്ന വാഹനങ്ങൾ നിയന്ത്രണം വിട്ട് ഓടയിലേക്ക് വീഴുന്നതിനും ഇടയാക്കുന്നു. മൂടിയില്ലാത്ത ഓടകളിൽ മാലിന്യ നിക്ഷേപവും വ്യാപകമാണ്.

പാതിവഴിയിൽ നിലച്ചു

റോഡ് നിർമ്മാണം പൂർത്തിയായാലും ഓട നിർമ്മാണം പാതിവഴിയിൽ നിലയ്ക്കുകയാണ്. റോഡ് തകർച്ചയ്ക്കും ഇത് ഇടയാക്കുന്നു. കുറിച്ചി മുതൽ ചങ്ങനാശേരി വരെ ഓടകൾക്കു മുകളിൽ കോൺക്രീറ്റ് സ്ലാബുകൾ ഇട്ടിട്ടുണ്ടെങ്കിലും പലതും ഒടിഞ്ഞു തൂങ്ങിയ നിലയിലാണ്.