നഗരസഭയുടെ പണം നിക്ഷേപിച്ചത് സ്വകാര്യ ബാങ്കിൽ, പാരിതോഷികമായി സ്കൂട്ടറും
കോട്ടയം: അധികാരത്തിലെത്തി ആറുമാസം പിന്നിടുമ്പോൾ നഗരസഭാ ഭരണസമിതിക്കെതിരെ അഴിമതിയാരോപണം. നഗരസഭയുടെ ഒരു കോടി രൂപ നിക്ഷേപിച്ചിരുന്ന പഞ്ചാബ് നാഷണൽ ബാങ്കിലെ അക്കൗണ്ട് നിയമവിരുദ്ധമായി സ്വകാര്യ പണമിടപാട് സ്ഥാപനത്തിലേയ്ക്ക് പാരിതോഷികം വാങ്ങി മാറ്റിയതിൽ പ്രതിഷേധിച്ച് ചെയർപേഴ്സനെ പ്രതിപക്ഷം തടഞ്ഞുവച്ചു. മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിൽ പണം തിരികെ നിക്ഷേപിക്കുമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.
കഴിഞ്ഞ ദിവസമാണ് നഗരസഭയുടെ അക്കൗണ്ട് മാറ്റിയത്. പൊതുപണമെന്ന നിലയിൽ ദേശസാത്കൃത ബാങ്കിൽ നിക്ഷേപിക്കണമെന്നാണ് നിയമം. ഇനി പുതിയ ബാങ്കിലേയ്ക്ക് നഗരസഭയുടെ അക്കൗണ്ട് മാറുമ്പോൾ ഫിനാൻസ് കമ്മിറ്റി തീരുമാനിച്ച് കൗൺസിലിന്റെ അനുവാദം തേടണം. എന്നാൽ നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ നേരിട്ട് പാരിതോഷികം പറ്റി പണം സിറ്റി യൂണിയൻ ബാങ്കിലേയ്ക്ക് മാറ്റുകയായിരുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. ഇന്നലെ ചേർന്ന കൗൺസിലിൽ പ്രതിപക്ഷം വിഷയം ഉന്നയിച്ചതോടെ രംഗം സംഘർഷഭരിതമായി. പ്രതിപക്ഷം ഒന്നടങ്കം മണിക്കൂറുകളോളം അദ്ധ്യക്ഷയെ ഉപരോധിച്ചു. ഒടുവിൽ തിങ്കളാഴ്ച തന്നെ പണം തിരികെ നിക്ഷേപിക്കാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.
അക്കൗണ്ട് മാറ്റിയതിന് പാരിതോഷികവും
വലിയ തുക ഒറ്റയടിക്ക് പുതിയ ബാങ്കിലേയ്ക്ക് മാറ്റിയതോടെ പാരിതോഷികമായി സ്കൂട്ടറും ലഭിച്ചു. ലഭിച്ച സ്കൂട്ടറുകളിൽ ഒന്ന് നഗരസഭയിലുണ്ട്. ബാക്കിയുള്ളവ ചില ഭരണപക്ഷ കൗൺസിലർമാരുടെ പേരിലാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിഫലം പറ്റി പൊതുപണം സ്വകാര്യ ബാങ്കിൽ നിക്ഷേപിച്ചത് അഴിമതിയാണെന്നും വിജിലൻസിന് പരാതി നൽകുമെന്നും പ്രതിപക്ഷം പറഞ്ഞു.
കൗൺസിലിൽ ഷർട്ടുമില്ല
ഓൺലൈനായിട്ടായിരുന്നു കൗൺസിലെങ്കിലും പ്രതിപക്ഷ കൗൺസിലർമാർ നേരിട്ട് ഹാജരായി. വൈസ് ചെയർമാൻ ഉൾപ്പെടെയുള്ളവർ ഓൺലൈനായാണ് പങ്കെടുത്തത്. ഒരു ഭരണപക്ഷ കൗൺസിലറാവട്ടെ ഷർട്ട് പോലും ധരിക്കാതെയാണ് പങ്കെടുത്തത്.
നഗരസഭാദ്ധ്യക്ഷയും കൂട്ടാളികളും ചേർന്നാണ് അഴിമതിക്ക് കളമൊരുക്കിയത്. തിങ്കളാഴ്ച പണം തിരികെ നിക്ഷേപിക്കുമെന്നാണ് ഉറപ്പെങ്കിലും വിജിലൻസിനെ സമീപിക്കാനാണ് തീരുമാനം.
അഡ്വ.ഷീജ അനിൽ, പ്രതിപക്ഷ നേതാവ്