കട്ടപ്പന: നഗരസഭ പരിധിയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചതോടെ ആരോഗ്യ വിഭാഗം പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. കട്ടപ്പന ഗവ. കോളേജിലെ എൻ.സി.സി. കേഡറ്റുകളുടെ സഹകരണത്തോടെ വ്യാപാര സ്ഥാപനങ്ങളിൽ ബോധവത്കരണവും പരിശോധനയും നടത്തി. കട്ടപ്പന എസ്.ഐ, സി.പി.ഒ എന്നിവർക്കും അന്യ സംസ്ഥാന തൊഴിലാളിക്കും രണ്ടാഴ്ച മുമ്പ് രോഗലക്ഷണങ്ങൾ കണ്ടിരുന്നു. ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈജിപ്തി ഈഡിസ് കൊതുകുകളുടെ സാന്നിദ്ധ്യം കട്ടപ്പന മാർക്കറ്റിൽ കണ്ടെത്തിയിരുന്നു. ബ്രേക്ക് ദി ചെയിൻ കാമ്പയിന്റെ ഭാഗമായി ആളുകൾക്ക് കൈകഴുകാൻ സ്ഥാപിച്ചിരുന്ന ടാങ്കുകളിലാണ് കൊതുകുകളുടെ താവളം. ഡെങ്കിപ്പനിക്ക് കാരണമാകുന്ന കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത് ശുദ്ധജലത്തിലാണ്. ഈജിപ്തി ഈഡീസ് കൊതുകുകൾക്കൊപ്പം ആൽബോപിക്ടസ് ഈഡീസ് കൊതുകുകളും നഗരത്തിലുള്ളതായി കണ്ടെത്തിയിട്ടുണ്ട്. രോഗവ്യാപനം തടയാൻ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ സഹകരണത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു.
വ്യാപാര സ്ഥാപനങ്ങളിലും പൊതുഇടങ്ങളിലും വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് നിർദേശം നൽകി. വെള്ളം ശേഖരിക്കുന്ന ടാങ്കുകൾ ശുചീകരിച്ച് അടച്ചുമൂട്ടി സൂക്ഷിക്കണം. ഫ്രിഡ്ജുകളുടെ പിന്നിൽ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടാകരുതെന്നും നിർദേശിച്ചു. ബോധവത്കരണ പരിപാടി ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ഏലിയാമ്മ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.