പാലാ: നക്ഷത്രവനങ്ങൾ ഭാവിതലമുറയോടുള്ള കരുതലിന്റെ പ്രതീകമാണെന്ന് മാണി സി.കാപ്പൻ എം.എൽ.എ പറഞ്ഞു. വനങ്ങൾക്ക് പുറത്ത് വനവത്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സർക്കാരിന്റെ വനംവന്യജീവി വകുപ്പിന് കീഴിലുള്ള സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന്റെ കോട്ടയം ഡിവിഷൻ ഐങ്കൊമ്പ് അംബികാ വിദ്യാഭവൻ സി.ബി.എസ്.ഇ. സ്‌കൂളിൽ നടപ്പിലാക്കുന്ന നക്ഷത്രവനം പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകകയായിരുന്നു അദ്ദേഹം.

അംബികാ വിദ്യാഭവൻ സ്‌കൂൾ പ്രസിഡണ്ട് ഡോ.എൻ.കെ.മഹാദേവൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്ക് ഉപഹാരമായി വിതരണം ചെയ്യാനുള്ള നോട്ടുബുക്കുകൾ ഐങ്കൊമ്പ് പാറേക്കാവ് ദേവസ്വം ട്രഷറർ സന്തോഷ് പി.വി കൈമാറി.

വനം വന്യജീവി വകുപ്പ് സാമൂഹ്യവൽക്കരണ വിഭാഗം പൊൻകുന്നം റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.വി. രതീഷ്, പൊൻകുന്നം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഗണേഷ് പി, കോട്ടയം നേച്ചർ സൊസൈറ്റി സെക്രട്ടറി ഡോ. എൻ ഉണ്ണികൃഷ്ണൻ, കടനാട് പഞ്ചായത്ത് മെമ്പർ സിബി ജോസഫ് ചക്കാലക്കൽ, സ്‌കൂൾ പ്രിൻസിപ്പൽ സി.എസ്. പ്രദീഷ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.