കോട്ടയം: ഓൺലൈൻ വിദ്യാഭ്യാസ പരിപാടികൾ മുഴുവൻ വിദ്യാർത്ഥികളിലുമെത്തിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് മാനവ സംസ്കൃതി ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പാവപ്പെട്ട മുഴുവൻ വിദ്യാർത്ഥികൾക്കും മൊബൈൽ ഫോണും ഇന്റർനെറ്റ് സൗകര്യങ്ങളും തികച്ചും സൗജന്യമാക്കുക, പാഠ്യപദ്ധതി സമയബന്ധിതമായി പരിഷ്ക്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകാനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ടി.എസ്.സലിമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ.ജി.ഗോപകുമാർ, എം.ശ്രീകുമാർ, പ്രൊഫ. ജോബിൻ ചാമക്കാല, അനിൽ കൂരോപ്പട, പി.ജെ.ആന്റണി, മനോജ് പോൾ, പി.കെ.മണിലാൽ എന്നിവർ പ്രസംഗിച്ചു.