പാലാ: കേവലം 90 മീറ്ററിലെ തർക്കമേയുള്ളൂ. ഇതിനു പരിഹാരമായാൽ മറ്റക്കര കുമ്മണ്ണൂർ റോഡ്, ക്ലീൻ!
ആ തൊണ്ണൂറു മീറ്ററിലെ തടസം തീർന്നെങ്കിൽ എന്നാശിക്കുകയാണ് ഇതുവഴിയുള്ള യാത്രക്കാർ. എന്തായാലും യാത്രക്കാർക്ക് പ്രതീക്ഷ നൽകി റോഡിൽ
പണികൾ പുനഃരാരംഭിച്ചിട്ടുണ്ട്. അത്രയും ആശ്വാസം. റോഡിന് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്ന ചെമ്മട്ടപ്പാറ ഭാഗം പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു.
ശബരിമലപാതയിൽ ഉൾപ്പെടുത്തി ബി.എം.ബി.സി നിലവാരത്തിൽ വീതികൂട്ടി നിർമ്മാണം പുരോഗമിക്കുന്ന മറ്റക്കര കുമ്മണ്ണൂർ റോഡിലെ ചെമ്മട്ടപ്പാറ ഭാഗത്ത് 90 മീറ്റർ ദൂരത്ത് മാത്രം യാതൊരു പണിയും നടക്കാതെ കിടക്കുകയായിരുന്നു.
പ്രശ്‌നം ചർച്ചയായതിനു പിന്നാലെ സ്ഥലം എം.എൽ.എ ഉമ്മൻ ചാണ്ടി ഇവിടം സന്ദർശിച്ചിരുന്നു. കൂടാതെ നാട്ടുകാരിൽ ചിലർ പൊതുമരാമത്ത് മന്ത്രിക്കും പരാതി അയച്ചിരുന്നു. ഇതിനു ശേഷമാണ് തുടർനടപടികളുമായി പി.ഡബ്ലി.യു.ഡി അധികൃതർ സ്ഥലം സന്ദർശിച്ച് വേണ്ട ക്രമീകരണങ്ങൾ ചെയ്തത്.പൊതുമരാമത്തിന്റെ കൈവശമുള്ള സ്ഥലത്ത് നിർമ്മാണം തുടരാൻ നിലവിൽ തടസമില്ലാത്തതിനാൽ കയറ്റം കുറയ്ക്കുന്നതിനുള്ള നടപടികൾ ചെമ്മട്ടപ്പാറയിൽ ആരംഭിച്ചു.
ചർച്ച നടത്തും
കുറച്ചു സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് കേസ് കോടതിയുടെ പരിഗണനയിലായതിനാൽ സ്ഥലം ഉടമയുമായി അധികൃതർ ചർച്ച നടത്തും. അനുകൂല തീരുമാനമുണ്ടായാൽ വീതി കൂട്ടി വളവ് നിവർത്തി പണി പൂർത്തീകരിക്കാനാവുമെന്നാണ് അധികൃതരുടേയും നാട്ടുകാരുടെയും പ്രതീക്ഷ.